ad
Deshabhimani

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി; എം വി ​ഗോവിന്ദൻ

mv govindan.jpg
വെബ് ഡെസ്ക്

Published on Apr 24, 2026, 04:55 PM | 1 min read

തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്. ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത കേരളത്തിൽ അതിന്റെ ആശയ അടിത്തറയായ ജാതീയത ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേരളം വളർത്തിയെടുത്ത നവോത്ഥാന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ സംഭവങ്ങളാണ് ജാതിയാധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. വിദ്യാർഥികളെ തുടർച്ചയായി പീഡിപ്പിക്കുന്ന പ്രവണത പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ജാതീയമായ വിവേചനത്തിനെതിരെ എല്ലാ തലത്തിലും ഗൗരവകരമായ പ്രതിരോധം ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


അഞ്ചരക്കണ്ടി സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പോലീസ് ജാഗ്രതയോടെ ഇടപെടണം. നിയമപരമായ പഴുതുകൾ സൃഷ്ടിച്ച് കുറ്റവാളികൾ രക്ഷപ്പെടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം. ക്യാമ്പസുകളിൽ വിദ്യാർഥികൾക്കെതിരെ വളർന്നുവരുന്ന പീഡനങ്ങളെ തുറന്നുകാണിക്കാനും പ്രതിരോധിക്കാനുമുള്ള കരുത്ത് വിദ്യാർഥി സമൂഹം രൂപപ്പെടുത്തിയെടുക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.


വിദ്യാർഥി സംഘടനാ പ്രവർത്തനം ദുർബലമാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന ക്യാമ്പസുകളിലാണ് ഇത്തരം കിരാത നടപടികൾ ശക്തിപ്പെടുന്നത്. സ്വാശ്രയ കോളേജുകളിൽ ഉൾപ്പെടെ കലാലയത്തിനകത്ത് ജനാധിപത്യപരമായ സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്.


വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കപ്പെട്ട ഇടങ്ങളിൽ വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ഇത്തരം പ്രവണതകൾക്കെതിരെ കേരളം ശക്തമായ ജാഗ്രത പുലർത്തണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home