Deshabhimani

print edition ലീഗ്‌ മന്ത്രിമാർക്ക്‌ 
ബിജെപിയെ പേടി: എം വി ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

പാലക്കാട്‌: ലീഗ്‌ മന്ത്രിമാർക്ക്‌ ആർഎസ്‌എസ്‌–ബിജെപി നേതാക്കളെ വിമർശിക്കാൻ പേടിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട്‌ സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത്‌ കാർ തടഞ്ഞ്‌ മന്ത്രി കെ എം ഷാജിയെ ഇറക്കിവിട്ട യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുക്കേണ്ടെന്ന്‌ മന്ത്രിതന്നെ പറയുന്നു. അസമയത്താണ്‌ അവിടെ പോയതെന്നും തെറ്റ്‌ തന്റേതാണെന്നും പറയുന്ന മന്ത്രി, ഇന്ത്യൻ പ‍ൗരന്‌ ഏതാണ്‌ അസമയമെന്ന്‌ വ്യക്തമാക്കണം.


കാസർകോട്‌ മന്ത്രി ഒ ജെ ജനീഷിനെതിരെ കരിങ്കൊടി കാണിച്ച എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത്‌ ജയിലിലടച്ചു. യുവമോർച്ചക്കാർക്ക്‌ ജാമ്യം അനുവദിച്ചു. ഒരേ പ്രദേശത്ത്‌ ഒരേ സംഭവത്തിൽ രണ്ടുതരം വകുപ്പ്‌.

തിരുവനന്തപുരത്ത്‌ എസ്‌ഐ അരമിനിറ്റിൽ 24 തവണ വിദ്യാർഥികളെ അടിക്കുന്നു. അതിനെതിരെ പ്രതിഷേധമുണ്ടാകും. പൊലീസിനെ വിമർശിച്ച സിപിഐ എം നേതാക്കൾ വി ജോയി എംഎൽഎയ്‌ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസെടുത്തു. ‘ഞങ്ങൾ ആവശ്യപ്പെട്ടാൽ പൊലീസുകാർ തല്ലിക്കൊല്ലും’ എന്നുപറഞ്ഞ കോൺഗ്രസ്‌ നേതാവിനെതിരെ കേസില്ല.


വി ഡി സതീശന്റേത്‌ ബിജെപി സ്‌പോൺസേഡ്‌ സർക്കാരാണ്‌. ബിജെപി പരിപാടിയാണ്‌ വി ഡി സതീശൻ നടപ്പാക്കുന്നതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ പറയുന്നു. അമിത്‌ ഷായെ കരിങ്കൊടി കാണിച്ചതായി മന്ത്രി പോസ്റ്റിട്ടപ്പോൾ മുഖ്യമന്ത്രി ഇടപെട്ട്‌ പിൻവലിപ്പിച്ചു’–അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home