ധവളപത്രം കേരളത്തെ പിന്നോട്ടടിക്കുന്നത്; യുഡിഎഫ് നീക്കം സ്വകാര്യവൽക്കരണം: എം വി ഗോവിന്ദൻ

എംവി ഗോവിന്ദൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം കോർപ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വി ഡി സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം അവതരിപ്പിച്ച ഈ ധവളപത്രം, അദ്ദേഹത്തിന്റെ വലതുപക്ഷ തീവ്രനവലിബറല്‍ നിലപാടുകളുടെ തെളിവാണ്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനകളെപ്പറ്റി ധവളപത്രത്തിൽ ഒരു വാക്കുപോലും പറയാത്തത് ബിജെപിയുടെ പൂർണ പിന്തുണയുള്ളതിനാലാണ്. കൂട്ടുകക്ഷി മനോഭാവത്തോടെ ഒരേ നയമാണ് ഇരുവർക്കുമുള്ളതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ഖജനാവിൽ പണം ഉണ്ടായിരുന്നുവെന്നും പൂച്ച പെറ്റു കിടക്കുന്ന ഖജനാവല്ല ഇതെന്നും പ്രതിപക്ഷത്തിന് ഇപ്പോൾ സമ്മതിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നതുപോലെ ധവളപത്രം കേരളത്തിന്റെ തിരിച്ചുപോക്കാണ് കാണിക്കുന്നത്. അദാനിക്കും അംബാനിക്കും കേരളത്തിന്റെ സമ്പത്തുകൾ തീറെഴുതി നൽകാനാണ് ഈ ധവളപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ബാധ്യതകളാണെന്ന് വരുത്തിത്തീർത്ത് സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയും മറ്റ് ആസ്തികളും റിയൽ എസ്റ്റേറ്റ് മാഫിയയുമായി ചേർന്ന് വിറ്റുതുലയ്ക്കാനും, ഊർജ്ജ-ധാതു മേഖലകളിൽ സ്വകാര്യവൽക്കരണം നടപ്പിലാക്കാനും നിർദേശങ്ങളുണ്ട്. നേരത്തെ രഹസ്യമായിരുന്ന മംഗലാപുരം യാത്രയുടെ യഥാർത്ഥ ലക്ഷ്യം ബ്ലൂ ഇക്കോണമിയുടെ മറവിൽ തീരദേശവും കരിമണലും ഉൾപ്പെടെയുള്ളവ മുഴുവൻ കൊള്ളയടിക്കാനും വിറ്റഴിക്കാനുമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊച്ചി എയർപോർട്ട് ഉൾപ്പെടെ വിൽക്കുക എന്ന നിലപാടിലേക്കാണ് യുഡിഎഫ് പോകുന്നത്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ അഞ്ചുവർഷക്കാലം നിയമന നിരോധനമാണ് ഉണ്ടാകുന്നത്. യുവാക്കളെ അടിച്ചമർത്തുന്ന രീതിയാണിത്. രാജ്യത്ത് ആകെ നടന്ന നിയമനങ്ങളുടെ അറുപത് ശതമാനവും കേരളത്തിലാണ് നടന്നത്. നിലവിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് എതിരായാണ് ധവളപത്രം സംസാരിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് വർഷത്തിലൊരിക്കൽ നടക്കാറുള്ള ശമ്പള പരിഷ്കരണം കേന്ദ്ര മാതൃകയിൽ പത്ത് വർഷത്തിലൊരിക്കലാക്കി മാറ്റുമെന്നാണ് യുഡിഎഫ് പറയുന്നത്. ഇത് സംസ്ഥാനത്തെ ഉദ്യോഗാർത്ഥികളായ യുവജനങ്ങളെയും ലക്ഷക്കണക്കിന് ജീവനക്കാരെയും വഞ്ചിക്കുന്ന നിലപാടാണ്. മൂലധന നിക്ഷേപം കുറവാണെന്നാണ് അവർ പറയുന്നത്.
എന്നാൽ ഒരു ലക്ഷത്തി പതിനായിരം കോടി രൂപ നിക്ഷേപം നടത്താൻ സാധിക്കുന്ന കിഫ്ബി വഴി, കേരളത്തിൽ വലിയ തോതിൽ അടിസ്ഥാന സൗകര്യ വികസനം നടത്തിയതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും, ഒടുവിൽ കിഫ്ബിയെ ഒഴിവാക്കുന്ന രീതിയിലാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരല്ല, മറിച്ച് പുറത്തുള്ളവരാണ് ഈ രേഖ തയ്യാറാക്കിയത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലോക്കപ്പ് - ജയിൽ മർദ്ദനങ്ങളിലും അതുമായി ബന്ധപ്പെട്ട മരണങ്ങളിലും അദ്ദേഹം ശക്തമായ ആശങ്ക രേഖപ്പെടുത്തി. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 671/2026-ാം നമ്പർ കേസിൽ അറസ്റ്റിലായി, പിന്നീട് മരണപ്പെട്ട 31 വയസ്സുകാരനായ രേഷ് ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മാനസികമായ വെല്ലുവിളികൾ നേരിടുന്ന രേഷ് ബാബുവിനെ കേസിൽ ഉൾപ്പെടുത്തി ജയിലിലടയ്ക്കരുതെന്ന് പിതാവ് ബാബു പോലീസ് സ്റ്റേഷനിലെത്തി അഭ്യർഥിച്ചിരുന്നു. സാധാരണഗതിയിൽ ഇത്തരം വ്യക്തികളെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കുകയാണ് പതിവ്.
എന്നാൽ ഈ സംഭവത്തിൽ അത്തരം പരിശോധനകളൊന്നും നടത്താതെയാണ് രേഷ് ബാബുവിനെ ജയിലിലേക്ക് കൊണ്ടുപോയത്. തുടർന്ന് അബോധാവസ്ഥയിലായ യുവാവിനെ മെഡിക്കൽ കോളേജ് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുകയും ജൂൺ 3ന് മരണം സംഭവിക്കുകയുമായിരുന്നു. തലയിൽ ചതവുകൾ ഉള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസിന്റെയോ ജയിൽ അധികൃതരുടെയോ മർദ്ദനം മൂലമാണ് മരണം സംഭവിച്ചതെന്നും ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.









0 comments