ആമസോണിൽ എഐ അസിസ്റ്റന്റും വിഷ്വൽ സെർച്ചും; ഷോപ്പിങ് എളുപ്പമാക്കാൻ പുതിയ ഫീച്ചറുകൾ

Photo:Amazon
ന്യൂയോർക്ക് : ഉപഭോക്താക്കൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങളും ആമസോൺ പ്ലാറ്റ്‌ഫോമിൽ കണ്ടെത്തുന്ന ഉൽപ്പന്നങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എട്ട് പുതിയ എഐ ഫീച്ചറുകൾ പ്രഖ്യാപിച്ച് ആമസോൺ. ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഈ വിവരങ്ങൾ പുറത്തുവിട്ടത്. എഐ, ഇമേജ് റെക്കഗ്നിഷൻ, ക്യാമറ അധിഷ്ഠിത സെർച്ച് എന്നിവ ഉപയോഗിച്ച് സാധാരണ സംഭാഷണ ശൈലിയിലുള്ള വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ യഥാർഥ ലോകത്തിലെ വസ്തുക്കളിലൂടെയോ ഉൽപ്പന്നങ്ങൾ തിരയാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. പ്രാരംഭ ഘട്ടത്തിൽ യുഎസിലെ ആപ്പിൽ മാത്രമാണ് ഈ വിഷ്വൽ സെർച്ച് സൗകര്യങ്ങൾ ലഭ്യമാകുക.
ഉപഭോക്താക്കൾ ആമസോൺ ഷോപ്പിങ് ആപ്പിൽ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ അതിനനുസരിച്ചുള്ള ചിത്രങ്ങൾ തത്സമയം സെർച്ച് ബാറിന് താഴെ തെളിഞ്ഞു വരും. ഉൽപ്പന്നങ്ങളുടെ കൃത്യമായ പേര് അറിയില്ലെങ്കിലും അവയുടെ നിറം, ഘടന, ഡിസൈൻ എന്നിവ വിവരിച്ച് നൽകിയാൽ മതിയാകും. ഇതിൽ നിന്നും തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചിത്രത്തിൽ തൊട്ട് സമാനമായ മറ്റ് ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാം. വസ്ത്രങ്ങൾ, ഹോം ഡെക്കറേഷൻ എന്നീ കാറ്റഗറികളിലാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
ഇതിനുപുറമേ, സെർച്ച് റിസൾട്ടുകളിൽ എഐ നിർമ്മിത കൊളാഷുകൾ കാണിക്കുന്ന 'ഷോപ്പ് ബൈ സ്റ്റൈൽ' എന്ന ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇത് വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും 'അർബൻ ലക്‌സ്', 'സോഫ്റ്റ് എലഗൻസ്' തുടങ്ങിയ തീമുകളിൽ ക്രമീകരിച്ച് നൽകും. ഫോണിന്റെ വ്യൂഫൈൻഡറിലൂടെ കാണുന്ന ഉൽപ്പന്നങ്ങൾ തത്സമയം വിശകലനം ചെയ്യാനും, ആപ്പ് വിട്ടുപോകാതെ തന്നെ അവ വിഷ്‌ലിസ്റ്റിലേക്കോ കാർട്ടിലേക്കോ മാറ്റാനും സഹായിക്കുന്ന 'ലെൻസ് ലൈവ്' ഫീച്ചറും ആമസോൺ ലെൻസിൽ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇതിലെ അലക്സ സാന്നിധ്യം വഴി ഉൽപ്പന്നങ്ങളെക്കുറിച്ച് സംശയങ്ങൾ ചോദിച്ചറിയാനും സാധിക്കും.
വിശാലമായ സെർച്ചുകൾക്കായി ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള ഫിൽട്ടറുകൾ നൽകുന്ന 'വിഷ്വൽ സജഷൻസ്', അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്കൊപ്പം ടെക്സ്റ്റ് നൽകാനുള്ള സൗകര്യം എന്നിവയാണ് മറ്റ് മാറ്റങ്ങൾ. ഐഫോൺ ഉപഭോക്താക്കൾക്കായി ഹോം സ്ക്രീനിൽ നിന്ന് നേരിട്ട് ക്യാമറ സെർച്ച് സാധ്യമാക്കുന്ന 'ആമസോൺ ലെൻസ് വിഡ്ജറ്റും' കമ്പനി ഒരുക്കിയിട്ടുണ്ട്.
സമാനമായ ഉൽപ്പന്നങ്ങൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന 'മോർ ലൈക് ദിസ്' സംവിധാനവും വിപുലീകരിച്ചു. അപ്‌ലോഡ് ചെയ്ത ചിത്രത്തിലെ ഒരു പ്രത്യേക ഭാഗം മാത്രം വട്ടമിട്ട് തിരയാൻ സഹായിക്കുന്ന 'സർക്കിൾ ടു സെർച്ച്' സംവിധാനവും ഇതിന്റെ ഭാഗമായി ആമസോൺ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ ആമസോൺ ഷോപ്പിങ് ആപ്പിലൂടെയാണ് ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭിക്കുക.









0 comments