ad
Deshabhimani

കോർപറേറ്റ് ദാസ്യവേലയിൽ മോദിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് സതീശൻ സർക്കാർ; കേരളത്തനിമയെ അട്ടിമറിക്കുന്ന ധവളപത്രം

satheesan

വി ഡി സതീശൻ

avatar
ശ്രുതി ലേഖ ശിവശങ്കര്‍

Published on Jun 04, 2026, 07:27 PM | 3 min read

കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം കേവലമൊരു സാമ്പത്തിക രേഖയല്ല, മറിച്ച് കേരളത്തെ ആകെ സ്വകാര്യവത്കരിക്കാൻ ആരംഭിക്കുന്നു എന്നതിന്റെ പരസ്യമായ ആഹ്വാനവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. തുടർച്ചയായി നഷ്ടത്തിലോടുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുമെന്നുമാണ് ധവളപത്രത്തിലെ പ്രധാന പ്രഖ്യാപനം. എന്നാൽ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ അതേ കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ കാർബൺ കോപ്പിയാണ് സതീശനും യുഡിഎഫും കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്. പൊതുമേഖലയെ തകർത്ത് നാടിനെ കോർപ്പറേറ്റുകൾക്ക് എഴുതിക്കൊടുക്കുന്ന കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണെന്നും ഇരുവരും ഒരേ ധ്രുവങ്ങളിലേക്കാണ് സഞ്ചരിക്കുന്നതെന്നും ഈ ധവളപത്രത്തിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളെയും ജനകീയ ആസ്തികളെയും കോർപ്പറേറ്റുകൾക്ക് പിച്ചിച്ചീന്താൻ വിട്ടുകൊടുക്കുന്ന തീവ്ര വലതുപക്ഷ സാമ്പത്തിക നയം യുഡിഎഫ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഈ നാടിനോടുള്ള വെല്ലുവിളിയാണ്.


ബിജെപിയുടെ പാതയിൽ യുഡിഎഫ്‌


കേന്ദ്രത്തിൽ വിമാനത്താവളങ്ങളും എൽഐസിയും ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് മുതലാളിമാരെ തടിച്ചുകൊഴുപ്പിക്കുന്ന ബിജെപി സർക്കാരിന്റെ അതേ 'ശീലം' തന്നെയാണ് യുഡിഎഫും ഇപ്പോൾ പുറത്തെടുക്കുന്നത്. വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 'സ്വകാര്യ പങ്കാളിത്തം' കൊണ്ടുവരുമെന്ന വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഇത് പൂർണമായ സ്വകാര്യവത്കരണത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്.


നാടിന്റെ തനത് പ്രകൃതിവിഭവമായ കരിമണൽ ഖനനം, ജനങ്ങൾക്ക് തുച്ഛമായ നിരക്കിൽ ലഭ്യമാകേണ്ട വൈദ്യുതി മേഖല, വികസനത്തിന്റെ നാഴികക്കല്ലുകളാകേണ്ട തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ നിർണായക മേഖലകളെല്ലാം സ്വകാര്യവത്കരിക്കാനുമുള്ള വിനാശകരമായ തീരുമാനമാണ് ഈ ധവളപത്രത്തിലൂടെ യുഡിഎഫ് സർക്കാർ ജനങ്ങളെ അറിയിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന ജനകീയ സ്ഥാപനങ്ങളുടെ ഓഹരികൾ ഘട്ടംഘട്ടമായി സ്വകാര്യ മുതലാളിമാർക്ക് കൈമാറി, ഒടുവിൽ അതിന്റെ പൂർണ നിയന്ത്രണം അവർക്ക് വിട്ടുകൊടുക്കുക എന്ന വിനാശകരമായ നയമാണ് യുഡിഎഫ് വിഭാവനം ചെയ്യുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്ത പൊതുസ്വത്ത് വിറ്റുതുലയ്ക്കാൻ ജനങ്ങൾ യുഡിഎഫിന് അധികാരം നൽകിയതായാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്.


പ്രകൃതിയെ കശാപ്പ് ചെയ്യാൻ അനുമതി


കേവലം പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുക മാത്രമല്ല, കേരളത്തിന്റെ തനത് പരിസ്ഥിതിയെത്തന്നെ തകർക്കുന്ന കടുത്ത ജനവിരുദ്ധ നിർദേശങ്ങളും ഈ ധവളപത്രത്തിലുണ്ട്. നാടിന്റെ ഭക്ഷ്യസുരക്ഷയെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും പച്ചയായി തകിടം മറിച്ചുകൊണ്ട് റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും ഭൂമാഫിയകൾക്കും വേണ്ടി വയലുകൾ നികത്താനുള്ള പരസ്യമായ സമ്മതവും പച്ചക്കൊടിയും ഈ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലാഭക്കൊതിയന്മാരായ കോർപ്പറേറ്റുകൾക്ക് മുന്നിൽ കേരളത്തിന്റെ മണ്ണും കൃഷിഭൂമിയും കാട്ടിക്കൊടുക്കുന്ന ഈ നയം വരുംതലമുറയോട് ചെയ്യുന്ന വലിയ ക്രൂരതയാണ്.


സ്കൂളുകൾ പൂട്ടിയ ഉമ്മൻചാണ്ടി കാലത്തിന്റെ പുനരാവർത്തനം


പൊതുസംവിധാനങ്ങളെ തല്ലിക്കെടുത്തുക എന്നത് യുഡിഎഫിന്റെ പണ്ടേയുള്ള സ്വഭാവമാണ്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലാഭനഷ്ടക്കണക്കുകൾ നോക്കി കേരളത്തിലെ നിരവധി സർക്കാർ സ്കൂളുകളാണ് 'ലാഭകരമല്ല' എന്ന ലേബലൊട്ടിച്ച് അടച്ചുപൂട്ടിയത്. പാവപ്പെട്ട കുട്ടികളുടെ പഠനാവകാശത്തിന്മേലാണ് അന്ന് യുഡിഎഫ് സർക്കാർ ആണിയടിച്ചത്.


അധികാരക്കൊതി മൂത്ത് ജനക്ഷേമം മറക്കുന്ന കോൺഗ്രസിന് നാടിന്റെ വികസനത്തെക്കുറിച്ചോ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചോ യാതൊരു കാഴ്ചപ്പാടുമില്ല എന്നതിന്റെ തെളിവായിരുന്നു അന്നത്തെ സ്കൂൾ പൂട്ടൽ യജ്ഞം. ഇന്ന് സതീശൻ സർക്കാരും അതേ ജനവിരുദ്ധ പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്.


എൽഡിഎഫ് കാണിച്ചുതന്ന ബദൽ മാതൃക


യുഡിഎഫിന്റെ ഈ ജനവിരുദ്ധ നയങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് തൊട്ടുമുമ്പത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിൽ നടപ്പിലാക്കി കാണിച്ചുതന്നത്. നഷ്ടത്തിന്റെ പേര് പറഞ്ഞ് യുഡിഎഫ് പൂട്ടിക്കെട്ടിയ സർക്കാർ വിദ്യാലയങ്ങളെല്ലാം എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. പൂട്ടിപ്പോയ സ്കൂളുകൾ ജനപങ്കാളിത്തത്തോടെ തുറന്നുപ്രവർത്തിപ്പിച്ചു എന്ന് മാത്രമല്ല, ലക്ഷക്കണക്കിന് കുട്ടികളെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഇടതുപക്ഷത്തിന് കഴിഞ്ഞു.


ഇതുകൂടാതെ, കേന്ദ്രത്തിലെ ബിജെപി സർക്കാരും സംസ്ഥാനത്തെ യുഡിഎഫും ഒരുപോലെ തകർക്കാൻ ശ്രമിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. നിരവധി സ്ഥാപനങ്ങളെ കൃത്യമായ മാനേജ്‌മെന്റ് ഇടപെടലുകളിലൂടെയും തൊഴിലാളികളെ വിശ്വാസത്തിലെടുത്തും ലാഭത്തിന്റെ പാതയിലേക്ക് നയിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു.


കേന്ദ്ര സർക്കാർ പൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഉൾപ്പെടെയുള്ളവ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സംരക്ഷിച്ചതും കേരളം കണ്ടതാണ്. പൊതുമേഖലയെ സംരക്ഷിച്ചും വളർത്തിയുമുള്ള ഒരു ബദൽ വികസന മാതൃക സാധ്യമാണെന്ന് എൽഡിഎഫ് തെളിയിച്ച ഇടത്താണ് യുഡിഎഫ് ഇപ്പോൾ കശാപ്പുകാരന്റെ കത്തി പ്രയോഗിക്കുന്നത്.


ജനകീയ പ്രതിരോധം ഉയർന്നുവരണം


വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ യുഡിഎഫ് സർക്കാർ, കേരളത്തിന്റെ തനത് വികസന നേട്ടങ്ങളെ തകിടം മറിക്കാനാണ് നോക്കുന്നത്. ലാഭനഷ്ടക്കണക്കുകൾ മാത്രം നോക്കി പൊതുമേഖലയെയും സേവന മേഖലകളെയും വിലയിരുത്തുന്നത് കോർപ്പറേറ്റ് യുക്തിയാണ്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ നഖശിഖാന്തം എതിർക്കുന്നു എന്ന് ലേബലൊട്ടിച്ച് അധികാരത്തിൽ വന്ന യുഡിഎഫ്, ഇപ്പോൾ അതേ ബിജെപിയുടെ സാമ്പത്തിക നയങ്ങൾ അതേപടി നടപ്പാക്കാൻ തുനിയുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home