'അതിമനോഹരം' സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചെന്ന വാർത്ത വ്യാജം; തരുൺ മൂർത്തി

മോഹൻലാൽ, തരുൺ മൂർത്തി (ഇടത്) അതിമനോഹരം സിനിമയുടെ പോസ്റ്റർ (വലത്)
തിരുവനന്തപുരം : മോഹൻലാൽ നായകനാകുന്ന 'അതിമനോഹരം' സിനിമയുടെ ചിത്രീകരണം നിർത്തിവച്ചുവെന്ന പ്രചാരണങ്ങൾ പൂർണമായും വ്യാജമാണെന്ന് സംവിധായകൻ തരുൺ മൂർത്തി. തിരക്കഥയിലെ ആശയക്കുഴപ്പം കാരണം സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു എന്ന രീതിയിൽ വരുന്ന ഓൺലൈൻ വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണെന്നും എന്നാൽ മഴ ഷെഡ്യൂളിനെ ബാധിച്ചിട്ടുണ്ടെന്നത് ശരിയാണെന്നും തരുൺ കുറിച്ചു.
വ്യാജ വാർത്തകളോട് പ്രതികരിച്ച് തരുൺ മൂർത്തി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു എന്ന രീതിയിൽ വരുന്ന ഓൺലൈൻ വാർത്തകളെക്കുറിച്ച് ചോദിച്ച് എനിക്ക് നിരവധി സന്ദേശങ്ങളും ഫോൺ കോളുകളും വരുന്നുണ്ട്. ഈ വാർത്തകൾ പൂർണമായും വ്യാജമാണ്. കഴിഞ്ഞ 78 ദിവസങ്ങളായി ഞങ്ങൾ തൊടുപുഴയിൽ തുടർച്ചയായി ചിത്രീകരണത്തിലാണ്. മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും ഞങ്ങളുടെ ചില പ്ലാനുകളെ ബാധിച്ചിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ പ്രതിസന്ധികളെല്ലാം മറികടന്ന് വലിയ ആവേശത്തോടെയും പോസിറ്റിവിറ്റിയോടെയും ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങളുടെ ടീം കഠിനമായി ശ്രമിക്കുന്നുണ്ട്.
വ്യക്തിപരമായ ലൈക്കുകൾക്കും വ്യൂസിനും റീച്ചിനും വേണ്ടി ദയവായി ആരും ഇത്തരം വ്യാജവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഇത്തരം തെറ്റായ വാർത്തകൾ പ്രേക്ഷകർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നു മാത്രമല്ല, ഒരു സിനിമയ്ക്കായി അണിനിരക്കുന്ന മുഴുവൻ ടീമിന്റെയും പ്രയത്നത്തെയും അത് ബാധിക്കുകയും ചെയ്യും. നിങ്ങളുടെ പിന്തുണയ്ക്കും തിരിച്ചറിവിനും ഹൃദയം നിറഞ്ഞ നന്ദി, തരുൺ മൂർത്തി വ്യക്തമാക്കി.
'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'അതിമനോഹരം'. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. മീരാ ജാസ്‌മിൻ ആണ് നായിക. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.










0 comments