print edition വഖഫിൽ ലീഗിനെതിരെ പ്രതിഷേധം രൂക്ഷം: അമർഷം നേരിട്ട് അറിയിക്കും

തിരുവനന്തപുരം: വഖഫ് വിഷയത്തിൽ സംഘപരിവാറിന് കീഴടങ്ങിയ സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ മുസ്ലിംസംഘടനകൾ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ കണ്ടേക്കും. സമസ്‌ത അടക്കമുള്ള ചില സംഘടനകൾ പ്രതിഷേധം സാദിഖലിയെ അറിയിച്ചിട്ടുണ്ട്. മുസ്ലിംസംഘടനകളുടെ കോഓർഡിനേഷൻ യോഗം വിളിക്കണമെന്ന ആവശ്യവും ശക്തമായി. സമുദായത്തെ വഞ്ചിക്കുന്ന നിലപാട് ലീഗ് സ്വീകരിച്ചത് വിവിധ മുസ്ലിംസംഘടനകൾ ചോദ്യംചെയ്തിട്ടുണ്ട്.
വഖഫ് നിയമഭേദഗതിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന പാർടിയാണ് ലീഗ്. സുപ്രീംകോടതിയിലും ഭേദഗതിക്കെതിരെ ലീഗ് ഹർജി നൽകിയിട്ടുണ്ട്. ഇൗ ഹർജി ആഗസ്‌ത് 25ലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ, സർക്കാർ ധൃതിപിടിച്ച് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താമെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലപാട് അറിയിക്കുകയായിരുന്നു. ഇത് വഖഫ് നിയമഭേദഗതിക്കെതിരായ കേസുകളെ ദുർബലമാക്കും.
ഭേദഗതിയെ ചോദ്യംചെയ്‌ത് കേരളത്തിനുവേണ്ടി കഴിഞ്ഞ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ ഇന്റർവെൻഷൻ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്ന 14–ാം വകുപ്പ് അസ്വീകാര്യമാണെന്നാണ് കേരളം അന്ന് അറിയിച്ചത്. ഭേദഗതികൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഹനിക്കുന്നതാണെന്നും ഹർജിയിലുണ്ട്. ഇൗ നിലപാട് കോടതിയിൽ നിലനിൽക്കെയാണ് വിരുദ്ധമായ നിലപാട് അറിയിച്ചത്. ഇത് കേസിൽ തിരിച്ചടിയാകും.
മുസ്ലിംലീഗിന്റെ അറിവോടെയാണ് യുഡിഎഫ് സർക്കാരിന്റെ ആർഎസ്‌എസ് അനുകൂല നീക്കം. വഖഫ് കൈകാര്യം ചെയ്യുന്ന ലീഗ് മന്ത്രിക്കുകീഴിലെ റവന്യൂ എഫ് വിഭാഗമാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് തയ്യാറാക്കിയത്. മന്ത്രി അറിയാതെ റിപ്പോർട്ട് തയ്യാറാക്കില്ല. ലീഗ് നിശ്‌ചയിച്ച സ്‌പെഷ്യൽ ഗവ. പ്ലീഡർ പി എം സനീറാണ് അഡീഷണൽ എജിക്കുവേണ്ടി റിപ്പോർട്ടിൽ ഒപ്പുവച്ചതും ഹൈക്കോടതിയിൽ നൽകിയതും. അതിനാൽ ലീഗിന് ഇതിൽനിന്ന് രക്ഷപ്പെടാനാകില്ല.
സർക്കാരിനും ലീഗിനും ഒരേനിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങൾ
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം നിയമനത്തിൽ സർക്കാരിനും മുസ്ലിംലീഗിനും ഒരേ നിലപാടെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാർ നിലപാട് തന്നെയാണോ ലീഗിനും എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സർക്കാരും മുസ്ലിംലീഗും ഒന്നുതന്നെയല്ലേ എന്നായിരുന്നു പ്രതികരണം. വഖഫ് നിയമം എന്താണോ പറയുന്നത് അതുതന്നെയാണ് അതിന്റെ നിയമം. അതിനപ്പുറം ഒന്നും പറയാനില്ല. കേസ് സുപ്രീംകോടതിയിലാണ്. സുപ്രീംകോടതിയുടെ തീരുമാനം എന്താണോ അതാകും ആത്യന്തിക തീരുമാനമെന്നും തങ്ങൾ പറഞ്ഞു.









0 comments