Deshabhimani

കണ്ണൂർ കോർപ്പറേഷനിൽ ലീ​ഗും കോൺ​ഗ്രസും രണ്ടുതട്ടിൽ; ഭരണത്തിൽ പിടിമുറുക്കാൻ സ്റ്റിയറിങ് കമ്മിറ്റി

CONGRESS LEAGUE
വെബ് ഡെസ്ക്

Published on Nov 10, 2026, 12:45 PM | 2 min read

കണ്ണൂർ: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ ലീ​ഗും കോൺ​ഗ്രസും രണ്ടുതട്ടിൽ. ഭരണനടപടികളോടുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. പ്രധാന തീരുമാനങ്ങൾ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ എടുക്കാവൂ എന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഭരണത്തിൽ പാർടിയുടെ ഇടപെടൽ ശക്തമാക്കാൻ കൗൺസിൽ സ്റ്റിയറിങ് കമ്മിറ്റിയും വിപുലീകരിച്ചു. കോൺഗ്രസും ലീഗും തമ്മിൽ നേരത്തേയുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് പുതിയ നീക്കം.


പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷം നയപരമായ തീരുമാനങ്ങളിൽ ലീഗിന്റെ ഇടപെടൽ കുറഞ്ഞെന്ന വിമർശനമാണ് പാർടി നേതൃത്വത്തെ കടുത്ത നിലപാടിലേക്ക് നയിച്ചത്. കോർപ്പറേഷനിലെ പ്രധാന തീരുമാനങ്ങൾ പാർടിതലത്തിൽ ചർച്ച ചെയ്യണമെന്നും സ്റ്റിയറിങ് കമ്മിറ്റിയുടെ അഭിപ്രായം പരിഗണിക്കണമെന്നുമാണ് ലീഗിന്റെ ആവശ്യം. കൗൺസിൽ യോഗങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളും ഇനി കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കും.


ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ഡെപ്യൂട്ടി മേയർ കെ പി താഹിർ, ജില്ലാ ഭാരവാഹികളായ ടി എ തങ്ങൾ, ബി കെ അഹമ്മദ് എന്നിവർക്കുപുറമെ കോർപ്പറേഷൻ പരിധിയിലെ മണ്ഡലം, സോണൽ ഭാരവാഹികളും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും ഉൾപ്പെടുന്നതാണ് വിപുലീകരിച്ച സമിതി.


കോർപ്പറേഷന്റെ ചില ഭരണനടപടികൾക്കെതിരെ ലീഗ് നേതൃത്വത്തിൽ വിമർശനമുയർന്നു. കണ്ണൂർ ദസറയുടെ നടത്തിപ്പിൽ മേയറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും തടസ്സപ്പെട്ടെന്ന വിമർശനവുമുണ്ട്.


ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽനിന്ന് പൊതുമരാമത്ത്, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ ഒഴിവാക്കിയതിലും അതൃപ്തിയുയർന്നു. നേരത്തേ കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുത്തിരുന്നവരെ ഒഴിവാക്കിയ നടപടി ശരിയല്ലെന്നാണ് വിമർശനം.


കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസും ലീഗും തമ്മിലുള്ള അധികാരത്തർക്കം പുതിയതല്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മേയർ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ഇരുപാർടികളും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. രണ്ടര വർഷത്തിനുശേഷം മേയർ സ്ഥാനം ലീഗിന് കൈമാറണമെന്ന ധാരണ കോൺഗ്രസ് പാലിച്ചില്ലെന്നാരോപിച്ച് കോർപ്പറേഷന്റെ പരിപാടികൾ ബഹിഷ്കരിക്കുന്നതടക്കമുള്ള പ്രതിഷേധത്തിലേക്ക് ലീഗ് നീങ്ങിയിരുന്നു. പിന്നീട് നേതൃത്വത്തിന്റെ ഇടപെടലിലാണ് തർക്കത്തിന് പരിഹാരമായത്.


2025ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തിലും തർക്കമുണ്ടായി. വാരം, വെറ്റിലപ്പള്ളി, ആദികടലായി ഡിവിഷനുകൾ ആവശ്യപ്പെട്ട ലീഗിന്റെ നിലപാടിനെ കോൺഗ്രസ് എതിർത്തതോടെ ചർച്ചകൾ നീണ്ടുപോയിരുന്നു. കോർപ്പറേഷനിലെ അധികാരപങ്കാളിത്തം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് പുതിയ നീക്കവും നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home