ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി തിരഞ്ഞെടുപ്പിൽ പരാതി വ്യാപകം; ചേരിപ്പോരും മറനീക്കി

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് പ്രതിനിധികളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളും വ്യാപകമായ പരാതികളും ഉയരുന്നു. കായിക മന്ത്രാലയത്തിന്റെയും വിവിധ സ്പോർട്സ് ഫെഡറേഷനുകളുടെയും ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടായതായി വ്യാപകമായ ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നിലവിലെ ഐഒഎ പ്രസിഡന്റ് പി ടി ഉഷയും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് സതീഷ് ശിവലിംഗവും തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഇലക്ട്രൽ ഓഫീസർക്ക് പരാതി നൽകി. ഇതിനിടയിൽ ജയിച്ചവരും തോറ്റവരും തമ്മിലുള്ള ചേരിപ്പോരും മറനീക്കി പുറത്തുവന്നു.
മുൻ അമ്പെയ്ത്ത് താരം ഡോളാ ബാനർജി 'ന്യൂ ഭാരത് പാനൽ' എന്ന പേരിൽ വാട്സാപ്പ് സന്ദേശങ്ങൾ അയച്ച് വോട്ടഭ്യർത്ഥിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപിച്ചാണ് ഉഷയുടെ പരാതി. അഞ്ജു ബോബി ജോർജ്, സൈന നെഹ്വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവരടങ്ങിയ പാനലിനായാണ് ഈ പ്രചാരണം നടന്നതെന്നാണ് ഉഷയുടെ ആരോപണം.
ഐഒഎയുടെ ഔദ്യോഗിക സംവിധാനങ്ങളും വിഭവങ്ങളും പി ടി ഉഷയ്ക്കായി ദുരുപയോഗിച്ചതായാണ് സതീഷ് ശിവലിംഗത്തിന്റെ പരാതി. ഐഒഎയിൽ ഉഷയ്ക്കെതിരെ നേരത്തേ തന്നെ പടയൊരുക്കം ഉണ്ടായിരുന്നു. ഉഷയുടെ ഏകാധിപത്യത്തിനെതിരെ അംഗങ്ങളിൽ ചിലർ പരസ്യ പ്രതികരണം നടത്തിയിരുന്നു. ബിജെപി സർക്കാരിന് താൽപ്പര്യമുള്ള ചിലർക്കെതിരെ തിരിഞ്ഞത് ഉഷയ്ക്ക് തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ട്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജ് (53 വോട്ട്), റാണി രാംപാൽ (50), ഡോള ബാനർജി (45), സൈന നേവാൾ (43) എന്നിവർ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 40 വോട്ട് മാത്രം ലഭിച്ച പി ടി ഉഷ പരാജയപ്പെട്ടു.
വോട്ടർമാർക്കു മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നതായി ഉഷ ആരോപിച്ചു. പ്രധാനമന്ത്രിയുടെയും കായിക മന്ത്രിയുടെയും ഓഫീസുകളിൽ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് ചിലർ വോട്ട് ചോദിച്ചതായി അവർ കുറ്റപ്പെടുത്തി.
പുരുഷവിഭാഗം പ്രതിനിധികളായി ഗഗൻ നാരംഗ്, വിജേന്ദർ സിംഗ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് എട്ട് പുരുഷ താരങ്ങളടക്കം 13 പേർ ഒരേസമയം നാമനിർദ്ദേശ പത്രിക പിൻവലിച്ചതിൽ ദുരൂഹതയുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്.
ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന പ്രധാന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായ നടപടികളെക്കുറിച്ചും വ്യാപക പരാതി ഉയർന്നു കഴിഞ്ഞു. നവംബർ 9-ന് വൈകുന്നേരം 5 മണിക്ക് ശേഷമാണ് ഐഒഎ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൗ സമയം കൊണ്ട് പല ദേശീയ കായിക ഫെഡറേഷനുകൾക്കും പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനും, നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് കൃത്യമായി രേഖകൾ സമർപ്പിക്കാനും, ഒപ്പം ഔദ്യോഗിക ബോർഡ് പ്രമേയം സമർപ്പിക്കാനും വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഐഒഎ മുൻ പ്രസിഡന്റ് നരിന്ദർ ധ്രുവ് ബത്ര ചൂണ്ടിക്കാട്ടി. പ്രായോഗികമല്ലാത്ത നടപടിക്രമങ്ങൾ കാരണം യോഗ്യതയുള്ള ദേശീയ ഫെഡറേഷനുകൾ പോലും ഇലക്ടറൽ കോളേജിൽ നിന്ന് ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയുണ്ടൈന്നും അദ്ദേഹം പറഞ്ഞു.
2024 പാരിസ് ഒളിമ്പിക്സിലെയും 2026 ഏഷ്യൻ ഗെയിംസിലെയും ഇന്ത്യയുടെ പ്രകടനം മോശമായത് നിലവിലെ ഐഒഎ ഭാരവാഹികളെ കുറിച്ചും കായിക ഭരണരംഗത്തെക്കുറിച്ചും വലിയ അതൃപ്തിക്കു വഴെിവെച്ചിരുന്നു. 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ലക്ഷ്യം കൈവരിക്കണമെങ്കിൽ കായികരംഗത്ത് കൂടുതൽ കഴിവുറ്റ നേതൃത്വം വേണമെന്ന് ശക്തമായ അഭിപ്രായമുണ്ട്.








0 comments