Deshabhimani

ബിസ്മില്ലാ ഖാന്റെ വീട് തകർത്തു; സാംസ്കാരിക പൈതൃകത്തിന് നേരെ മോദിയുടെ ആക്രമണം

bismilla khan m a baby
വെബ് ഡെസ്ക്

Published on Nov 10, 2026, 12:33 PM | 1 min read

ന്യൂഡൽഹി : പ്രശസ്ത ഷഹനായ് സംഗീതജ്ഞനും ഭാരതരത്ന ജേതാവുമായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വാരണാസിയിലെ പൂർവികഭവനം പൊളിച്ചുനീക്കിയതിൽ വ്യാപക വിമർശനം. രാജ്യത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകം നശിപ്പിക്കുന്നത് അപലപനീയമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. മോദിയുടെ 'വികസിത ഭാരതത്തിൽ' ബിസ്മില്ലാ ഖാനെപ്പോലുള്ള പ്രതിഭകൾക്ക് ഇടമില്ലെന്ന് എം എ ബേബി കുറ്റപ്പെടുത്തി.


ബിസ്മില്ലാ ഖാൻ സംഗീതം പരിശീലിച്ച വീടാണ് തകർക്കപ്പെട്ടത്. തന്റെ പ്രിയപ്പെട്ട ബനാറസിനെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന കാരണത്താൽ അമേരിക്കയിൽ സംഗീതവിദ്യാലയം ആരംഭിക്കാനുള്ള ക്ഷണം പോലും നിരസിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ബിസ്മില്ലാ ഖാന്റെ വീട് സംരക്ഷിക്കപ്പെടാതെ കിടക്കുന്നതും വാണിജ്യ താൽപ്പര്യങ്ങൾ അതിന് ഭീഷണിയാകുന്നതും വർഷങ്ങളായി പൊതുജനശ്രദ്ധയിലുള്ള വിഷയമായിരുന്നു. എന്നിട്ടും സ്വന്തം മണ്ഡലത്തിലെ ഈ ചരിത്രസ്മാരകം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടില്ലെന്ന് എം എ ബേബി പറഞ്ഞു. ബിസ്മില്ലാ ഖാനെപ്പോലൊരു മഹാപ്രതിഭയെ വളർത്തിയെടുത്ത ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന് മോദിയുടെ വികസിത ഭാരതത്തിൽ വിലയില്ലാതായി. ഈ സാംസ്കാരിക പൈതൃകം നശിപ്പിച്ചത് വരുംതലമുറകൾക്കുകൂടി തീരാനഷ്ടമാണെന്നും എം എ ബേബി വ്യക്തമാക്കി.


എന്നാൽ വീട് പൊളിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് വാരണാസി മുനിസിപ്പൽ കോർപറേഷന്റെ വിശദീകരണം. ജീർണാവസ്ഥയിലായ കെട്ടിടം നവീകരിക്കുന്നതിനായി കുടുംബാംഗങ്ങൾ തന്നെയാണ് ഒരുഭാഗം പൊളിച്ചതെന്നാണ് അധികൃതർ പറയുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home