പടക്കക്കടയിൽ ശക്തമായ സ്‌ഫോടനം; 16കാരൻ വെന്തുമരിച്ചു

പ്രതീകാത്മക ചിത്രം
മുംബൈ: പടക്കക്കടയിലുണ്ടായ ശക്തമായ സ്‌ഫോടനത്തെത്തുടർന്ന് കടയുടെ സ്ലാബ് തകർന്നുവീണ് 16കാരൻ മരിച്ചു. പടക്കക്കടയിൽ തിങ്കളാഴ്ച രാത്രി 9.56-ഓടെ മലാഡ് മൽവാണിയിലുള്ള അബ്ദുൾ ഹമീദ് മാർഗിലെ താഴത്തെ നിലയിലുള്ള കടയിലാണ് അപകടമുണ്ടായത്. പടക്കങ്ങൾക്ക് തീപിടിച്ച് സ്‌ഫോടനമുണ്ടായതോടെ കടയുടെ സ്ലാബ് തകരുകയും തീ പടരുകയും ചെയ്യുകയായിരുന്നു.
കടയ്ക്കുള്ളിലെ 20x30 അടി വിസ്തീർണ്ണത്തിലുള്ള പടക്കങ്ങൾക്കും ഇലക്ട്രിക്കൽ വയറിംഗുകൾക്കുമാണ് തീപിടിച്ചതെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. അപകടത്തെ തുടർന്ന് കാണാതായ പതിനാറുകാരനായ ഷാനവാസ് നിയാസ് ഖാനെ പിന്നീട് കടയ്ക്കുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദീപാവലി രാത്രിയിൽ മാത്രം മുംബൈയുടെ വിവിധ ഭാഗങ്ങളിലായി മൂന്ന് വൻ തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി കുടിലുകൾ, കടകൾ, ഗാരേജ്, വാണിജ്യ കെട്ടിടത്തിന്റെ ഭാഗങ്ങൾ എന്നിവ തീപിടിത്തത്തിൽ നശിച്ചു. റോക്കറ്റുകളും ആകാശപ്പടക്കങ്ങളും കെട്ടിടങ്ങളുടെ ടെറസുകളിലും ബാൽക്കണികളിലും ജനലുകളിലും പതിക്കുന്നത് തീപിടിത്തത്തിന് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം നഗരത്തിലുണ്ടായ തുടർച്ചയായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ റോക്കറ്റ് പടക്കങ്ങൾക്കും ആകാശത്തേക്ക് പറക്കുന്ന പടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തി മുംബൈ ദുരന്തനിവാരണ അതോറിറ്റി. നവംബർ 25 വരെ നിരോധനം തുടരും. താമസകെട്ടിടങ്ങൾ, ടെറസുകൾ, ബാൽക്കണികൾ, ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണം ബാധകമാണ്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും ചേരികളിലും ഉയരമുള്ള കെട്ടിടങ്ങൾക്കിടയിലും അപകടങ്ങളുടെ സാധ്യത കൂടുതലാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
നവംബർ 9 മുതൽ 2026 നവംബർ 25 രാത്രി 11.59 വരെയാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിരോധനം. മറ്റ് പടക്കങ്ങളുടെ ഉപയോഗം നിലവിലുള്ള നിയമങ്ങൾക്കും കോടതി ഉത്തരവുകൾക്കും വിധേയമായിരിക്കും. അതേസമയം, താമസകെട്ടിടങ്ങൾക്ക് സമീപവും നടപ്പാതകളിലും പടക്കം പൊട്ടിക്കരുതെന്ന് മുംബൈ മേയർ റിതു താവ്‌ഡെ ജനങ്ങളോട് അഭ്യർഥിച്ചു.








0 comments