Deshabhimani

കള്ളക്കളി തുറന്നു കാട്ടി; ‌ജിഎൻഎ കരാർ പിന്മാറ്റം പ്രതിപക്ഷ വിജയം

electricity privatisation
വെബ് ഡെസ്ക്

Published on Nov 10, 2026, 12:33 PM | 2 min read

തിരുവനന്തപുരം: 'സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎയുമായുള്ള കരാറിനു പിന്നിലെ ദുരൂഹതനീക്കാൻ ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഫയലുകളും പുറത്തുവിടണം, അതീവ ഗൗരവതരമായ കാര്യങ്ങൾ കാരാറിനു പിന്നിലുണ്ട്. ഇടപാടിൽ അഴിമതിയുണ്ട്‌ എന്ന്‌ ജനങ്ങൾക്ക്‌ സംശയമുണ്ട്‌'- വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉന്നയിച്ച കാര്യങ്ങള്‍ അതി ശക്തമായിരുന്നു. അതിനൊന്നും സര്‍ക്കാരിന് മറുപടി ഉണ്ടായില്ല.


അഴിമതി കരാറിനെതിരെ പ്രതിപക്ഷം നടത്തിയ ശക്തമായ ഇടപെടലാണ് ജിഎന്‍എ കരാറില്‍ നിന്ന് സർക്കാരിന്റെ പിൻമാറ്റത്തിന് ഇടയാക്കിയത്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് യുഡിഎഫ് സൃഷ്ടിച്ച പുകമറ പ്രതിപക്ഷം തുറന്ന് കാട്ടിയതോടെ, ജിഎൻഎ വഴി അമിത വിലയ്‌ക്ക്‌ ഇടപാട്‌ നടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒപ്പം പി രാജീവും ബിനോയ് വിശ്വവും അടക്കമുള്ള വിവിധ പ്രതിപക്ഷ നേതാക്കളും കരാര്‍ തട്ടിപ്പിനെതിരെ ശക്തമായി രംഗത്ത് വന്നു. വൈദ്യുതി രംഗത്തെ വിഗ്ദധരും പാകപിഴകള്‍ ചൂണ്ടിക്കാട്ടി. ഇതോടെ കരാറില്‍ നിന്നും തല്‍ക്കാലം സര്‍ക്കാര്‍ പിന്നോട്ട് പോവുകയായിരുന്നു.


റെഗുലേറ്ററി കമീഷന്റെ അനുമതിയോ ടെൻഡറോ ഇല്ലാത്ത നിയമവിരുദ്ധ ഇടപാട്‌ നടത്തി കമീഷൻ അടിക്കാനാണ് യുഡിഎഫ് സർക്കാർ തുടക്കം മുതൽ ലക്ഷ്യമിട്ടത്. രണ്ട്‌ കെഎസ്‌ഇബി ഡയറക്‌ടർമാർ അതൃപ്‌തി പരസ്യമാക്കി രാജിസന്നദ്ധത അറിയിച്ചിട്ടും വൈദ്യുതി ലഭ്യതയുണ്ടെന്ന്‌ മാധ്യമങ്ങളും മേഖലയിലെ വിദഗ്‌ധരും ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി പിൻമാറാൻ തയാറായിരുന്നില്ല. 1566 കോടി രൂപയുടെ ഇടപാടിനായിരുന്നു നീക്കം. പീക്‌ സമയത്തേക്ക്‌ അധികവൈദ്യുതി കണ്ടെത്തുന്നതിനടക്കം ഏറ്റവും കുറഞ്ഞത്‌ 727 കോടി രൂപയുടെ അധികബാധ്യതയ്ക്ക് ജിഎൻഎ കാരണമാകുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും 8.90 രൂപ വരെ യൂണിറ്റിന്‌ വിലയുള്ള ജിഎൻഎ ഇടപാടിന്‌ താൻ അനുവാദം നൽകിയെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


എന്നാൽ വൈദ്യുതി ബോർഡും മന്ത്രിയും സ്വീകരിച്ച നിലപാടിൽനിന്ന്‌ വിരുദ്ധമായി മുഖ്യമന്ത്രി സ്വീകരിച്ച ഓരോ നിലപാടും എടുത്ത് കാണിച്ച്, വൈദ്യുതി പേരിൽ വൻ കൊള്ള നടത്താനുള്ള സതീശന്റെ ശ്രമം പിണറായി വിജയൻ മുളയിലെ നുള്ളുകയായിരുന്നു. ഹിമാചലിൽനിന്ന്‌ വൈദ്യുതി വാങ്ങുന്നതാണ്‌ അഭികാമ്യമെന്ന്‌ മന്ത്രി സണ്ണി ജോസഫ്‌ ഫയലിൽ കുറിച്ചെന്ന വിവരവും ജിഎൻഎ ഇടപാടിൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുകാട്ടി കെഎസ്‌ഇബി ഒ‍ൗദ്യോഗികമായി കത്തുനൽകിയ വിവരവുമെല്ലാം അദ്ദേഹം തുറന്നു കാട്ടി. സുതാര്യമായ നടപടിക്രമങ്ങളോ ടെൻഡറോ ഇല്ലാതെ ജിഎൻഎയിൽനിന്ന്‌ വൈദ്യുതി വാങ്ങാനുള്ള സമ്മർദ്ദം എവിടെനിന്നാണ്‌ ഉണ്ടായതെന്നും സെബിയുടെ അന്വേഷണം നേരിടുന്ന സ്ഥാപനത്തോടെ ഇത്രമാത്രം താൽപ്പര്യം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു. അഴിമതി കയ്യോടെ പിടിക്കപ്പെട്ടുവെന്ന് വന്ന ഘട്ടത്തിലാണ് ജിഎൻഎ ഇടപാടിൽ നിന്ന് സർക്കാർ പിന്മാറുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home