print edition കഷ്ടിച്ച് രക്ഷപെട്ടു, ഇനി ഈ പണിക്കില്ല...

മുണ്ടത്തിക്കോട് ദുരന്ത സ്ഥലം, ദുരന്തത്തിൽ നിന്ന് രക്ഷപെട്ട വേലായുധൻ
പഴയന്നൂർ : നാലാം തവണയാണ് മരണത്തിന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടത്. ഇനി ഈ പണി ചെയ്യില്ല. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അറുപതുകാരൻ വെന്നൂർ കുളമ്പ് പള്ളിക്കുന്ന് വേലായുധന്റെ വാക്കുകളാണിത്. 2006ൽ പാറമേക്കാവ് വിഭാഗം തൃശൂർ പൂരം വെടിക്കെട്ട് തയ്യാറാക്കുന്ന പാടൂക്കാട്ടെ വെടിക്കെട്ട് പുരയിൽ പണിയുന്നതിനിടെ ഉണ്ടായ അപകടം വേലായുധന് ഇന്നലെയെന്നോളം ഓർമ വന്നു. വെന്നൂർ സ്വദേശികളായ ഏഴുപേർ മരിച്ച അപകടത്തിൽനിന്ന് അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതുപോലെ തന്നെയാണ് തിങ്കളാഴ്ച ഉണ്ടായ അപകടത്തിലും സംഭവിച്ചത്. വേലായുധന്റെ മുന്നിൽവീണ് അമിട്ട് പൊട്ടിയതോടെയാണ് അപകടമുണ്ടായതായി അറിഞ്ഞത്. ഒപ്പമുണ്ടായ സുദർശനും സുമേഷും ഒരുവശത്തേക്കും വേലായുധനും കുമാരനും മറുവശത്തേക്കും പ്രാണരക്ഷാർഥം ഓടി മാറി.
50 വർഷത്തോളമായി വെടിക്കെട്ട് പണിക്കാരനായി വേലായുധൻ തൊഴിൽ ചെയ്തുവരുന്നു. 25 വർഷങ്ങൾക്ക് മുമ്പ് ചാലക്കുടിയിലും വെടിക്കെട്ട് അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. 10 വർഷം മുമ്പ് പാലക്കാട് തരൂർ വേലക്കിടയിലും അപകടം ഉണ്ടായി. അന്ന് ദേഹമാസകലം പൊള്ളി ക്രിട്ടിക്കൽ കെയറിലായിരുന്നു. സഹപണിക്കാരൻ മരിച്ചു. ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മരിച്ചുവെന്ന് അറിയിപ്പുവരെ പോയതാണെന്നും ഭാഗ്യംകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്നതാണെന്നും വേലായുധൻ പറഞ്ഞു. ദുരന്തങ്ങൾ ജീവിതയാത്രയിൽ തുടരുകയാണെന്നും ഇനി വെടിക്കെട്ട് പണിക്കിറങ്ങില്ലെന്നും വേലായുധൻ പറഞ്ഞു.










0 comments