print edition നാടൊരു ദുഃഖചിത്രം

അപകട സ്ഥലം ഫോറൻസിക് സംഘം അടയാളപ്പെടുത്തുന്നു
കെ എ നിധിൻ നാഥ്
Published on Apr 23, 2026, 12:01 AM | 1 min read
ഇന്നലെവരെ കണ്ട മുഖങ്ങൾ, സാമ്പിളിനൊപ്പം വാനിൽ വിരിയേണ്ട സസ്‌പെൻസുകളും അത് കണ്ട് മനസ്സിലും മുഖത്തും വിരിയേണ്ട ചിരികളും നിലച്ചു
മുണ്ടത്തിക്കോട്: കടലിരമ്പം പോലെയൊരു താളമാണ് തൃശൂർ പൂരം വെടിക്കെട്ടിന്. ഓലപ്പടക്കത്തിൽ തുടങ്ങി ഗുണ്ടും അമിട്ടുമെല്ലാം പൊട്ടുന്ന ശബ്ദവും നിറവും നൽകുന്ന കാഴ്‌ച. ആ കാഴ്‌ചയൊരുക്കാൻ മാസങ്ങളായി പണിയെടുത്ത തൊഴിലാളികൾ, അവരെ ദിവസവും കാണുന്ന നാട് ഇന്നൊരു സങ്കടക്കടലാണ്. ഒരൊറ്റ നിമിഷത്തിന്റെ ആന്തലിൽ പൊട്ടിത്തെറിച്ച വെടിക്കോപ്പ് നിർമാണശാലയ്‌ക്കൊപ്പം ഇല്ലാതായത് ഒരുപറ്റം തൊഴിലാളികളാണ്. ഇന്നലെവരെ കണ്ട മുഖങ്ങൾ, സാമ്പിളിനൊപ്പം വാനിൽ വിരിയേണ്ട സസ്‌പെൻസുകളും അത് കണ്ട് മനസ്സിലും മുഖത്തും വിരിയേണ്ട ചിരികളും നിലച്ചു.
രണ്ട് പകലുകൾ കഴിഞ്ഞിട്ടും പുകഞ്ഞ് നീറി കത്തിത്തീരാത്ത ഭൂമി, അതിനൊപ്പം വെന്തുരുകുന്ന മനസ്സുകൾ. ദുരന്തങ്ങൾ ബാക്കിയാക്കുന്ന നീറുന്ന കാഴ്‌ചകളാണ് മുണ്ടത്തിക്കോട് കുട്ടംകുളം പ്രദേശമാകെ. വിരിയാൻകാത്ത ഹൃദയങ്ങൾ ഒറ്റ നിമിഷത്തിൽ നോവായി തകർന്നു. പൊട്ടിത്തെറിയുടെ തീവ്രതയിൽ കിലോമീറ്ററുകൾ അപ്പുറമുള്ള വീടുകൾക്കുവരെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നു, വാതിലുകൾ പൊളിഞ്ഞുവീണു, ഓടിട്ട വീടുകളുടെ മേൽക്കൂര തകർന്നു. അമിട്ട് വീണ് പൊട്ടി ഒരു വീടിന്റെ അടുക്കളയടക്കം തകർന്നു– ഇങ്ങനെ നഷ്ടങ്ങളാണ് നാടിനാകെ.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ അപകടസ്ഥലത്തെ നിർവീര്യമാക്കിയ അമിട്ടുകൾ
അതിലും തീരാനോവാണ് ഇവിടെ വന്നു ജോലി ചെയ്‌തവർ തിരിച്ചറിയാൻ പോലുമാകാതെ ചിന്നിച്ചിതറി കിടക്കുന്നത്. പതിറ്റാണ്ടുകളായി മുണ്ടത്തിക്കോട് സതീഷ് വെടിക്കോപ്പുകൾ നിർമിക്കുന്നത് ഇൗ പാടത്ത് പ്രത്യേകം സജ്ജമാക്കിയ ഇടത്താണ്. രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് പാടത്തിനു നടുവിലാണ് ഇൗ തൊഴിലിടം. കഴിഞ്ഞ ഒന്നരമാസത്തിലധികമായി പണിയെടുത്തിരുന്ന തൊഴിലാളികൾ പണികളെല്ലാം ബുധനാഴ്‌ച ഏകദേശം പൂർത്തിയാക്കുമായിരുന്നു. ഇതോടെ കൂലി വാങ്ങി സന്തോഷത്തോടെ മടങ്ങാൻ കാത്തിരുന്നവരാണ് ഇനിയൊരു മടങ്ങിവരവില്ലാതെ തിരിച്ചറിയാൻ പോലുമാകാതെ ദുഃഖചിത്രമായത്.
തെരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയ്‌തു. ഒന്നും ചെയ്യാൻ കഴിയാതെ പകച്ച് നിന്നപ്പോഴും നാടൊന്നാകെ ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താൻ പരിശ്രമിച്ചു. പക്ഷേ, പ്രതീക്ഷകൾക്ക് പോലും വകനൽകാതെ ജീവനുകൾ വെടിക്കോപ്പുകൾക്കൊപ്പം കത്തിയമർന്നു.










0 comments