ad
Deshabhimani

print edition ദുരന്തത്തീ; തൃശൂർ പൂരത്തിന്റെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചു

Thrissur

തൃശൂർ പൂരത്തിനായി വെടിക്കോപ്പുകൾ നിർമിക്കുന്നതിനിടെ സ്റോടനമുണ്ടായ മുണ്ടത്തിക്കോട് പാടത്ത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം നടത്തുന്നു.

avatar
കെ എ നിധിൻനാഥ്‌

Published on Apr 22, 2026, 03:15 AM | 2 min read

തൃശൂർ : തൃശൂർ പൂരത്തിനായി തിരുവന്പാടി വിഭാഗം വെടിക്കോപ്പ്‌ തയ്യാറാക്കിയ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ നാട്‌ നടുങ്ങി. 13 പേർ മരിച്ചതായി പ്രാഥമികമായി സ്ഥിരീകരിച്ചു. ഏഴു മൃതദേഹങ്ങളും ഒന്പത്‌ ശരീരഭാഗങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ ചിന്നിച്ചിതറുകയും കത്തിയമരുകയും ചെയ്‌തതിനാൽ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അനിവാര്യം. ചൊവ്വ പകൽ 3.20നാണ്‌ വടക്കാഞ്ചേരിക്കടുത്ത്‌ മുണ്ടത്തിക്കോട്‌ പാടത്തെ വെടിക്കോപ്പ്‌ നിർമാണശാല പൊട്ടിത്തെറിച്ചത്‌. സാരമായി പരിക്കേറ്റ 13 പേരെ തൃശൂർ ഗവർമെന്റ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 10 പേർ ബേൺ ഐസിയുവിലാണ്.


അഞ്ചുപേരുടെ നില അതീവ ഗുരുതരം. അനിത (50), അഖിൽ (30), ഉദയകുമാർ (48), ഹരി (40), ബാബു (57), വിഷ്‌ണു (30), പ്രവീൺ (44), രാജേഷ് (40), സുഭദ്ര (68), ഭവാനി (65), സുന്ദരൻ (46), ബാബു (56), സതീഷ് (46) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. വെടിക്കെട്ടുപുരയിൽ എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന്‌ വ്യക്തമല്ല. 40 പേർക്കാണ്‌ ഉച്ചഭക്ഷണം ഏർപ്പാട്‌ ചെയ്‌തിരുന്നത്‌. വെള്ളിയാഴ്‌ച നടക്കാനുള്ള സാന്പിൾ വെടിക്കെട്ടിനുള്ള വെടിക്കോപ്പുകൾ വ്യാഴാഴ്‌ച രാവിലെ നഗരത്തിലേക്ക്‌ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ്‌ അപകടം.


കടുത്ത ചൂടാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഉണക്കാനിട്ട വെടിമരുന്നിലാണ്‌ ആദ്യം തീപിടിച്ചത്. തുടർന്ന് നിറച്ചുവച്ച അമിട്ടുകളിലേക്ക് പടരുകയായിരുന്നു. വെടിക്കോപ്പുകൾ സൂക്ഷിച്ച അഞ്ച്‌ ഷെഡുകൾ ചാന്പലായി. മൃതദേഹാവശിഷ്‌ടങ്ങൾ അര കിലോമീറ്റർ അകലേക്കുവരെ തെറിച്ചു. സമീപത്തെ വീടുകൾക്കു കേടുപറ്റി. പ്രദേശമാകെ ആളിപ്പടർന്ന തീയും പുകപടലവുംമൂലം രക്ഷാപ്രവർത്തകർക്ക്‌ സ്ഥലത്തേക്ക് പ്രവേശിക്കാനായില്ല. വെടിക്കോപ്പുകൾ മൂന്നുമണിക്കൂറിലധികം പൊട്ടിത്തെറിച്ചു.


തീയണയ്‌ക്കാനുള്ള എല്ലാ ശ്രമവും ആദ്യഘട്ടത്തിൽ പരാജയപ്പെട്ടു. വൈകിട്ട്‌ ആറോടെയാണ്‌ അകത്തേക്ക്‌ പ്രവേശിക്കാനായത്‌. രാത്രി കലക്‌ടർ ശിഖ സുരേന്ദ്രന്റെയും കമീഷണർ നകുൽ ആർ ദേശ്‌മുഖിന്റെയും സാന്നിധ്യത്തിൽ പരിശോധന നടക്കുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായതിനെത്തുടർന്ന്‌ പരിശോധന താല്‍ക്കാലികമായി നിർത്തി. സമീപത്തെ കുളത്തിൽ ചെരുപ്പ്‌ കണ്ടതിനെ തുടർന്ന്‌ സ്‌കൂബ ഡൈവിങ്‌ സംഘം രാത്രി പരിശോധന നടത്തി. അപകടവിവരം അറിഞ്ഞയുടൻ അടിയന്തര സാഹചര്യം നേരിടാൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമായി.


മെഡിക്കൽ കോളേജിനു പുറമേ തൃശൂർ ജനറൽ ആശുപത്രിയിലും മറ്റ്‌ ആശുപത്രികളിലും സംവിധാനങ്ങളൊരുക്കി. സമീപ ജില്ലകളിൽനിന്നും തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽനിന്നും വിദഗ്-ധ ഡോക്‌ടർമാരുടെ സംഘത്തെ നിയോഗിച്ചു. മരിച്ചവരിൽ വടക്കാഞ്ചേരി കുമരനെല്ലൂർ മാടിപ്പുറത്ത് വീട്ടിൽ വാസുദേവൻ (54), വടക്കാഞ്ചേരി കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയന്റെ മകൻ സുവിൻ (45), പഴയന്നൂർ വെന്നൂർ പറക്കുണ്ടിൽ സുദർശനൻ (54) എന്നിവരെ തിരിച്ചറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home