print edition മുണ്ടക്കൈ വീട് ; ഗുണഭോക്താക്കളാരെന്നതിനും കോൺഗ്രസിന് ഉത്തരമില്ല

കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് വാഗ്‌ദാനം ചെയ്‌ത വീടുകളിലേക്ക് ഗുണഭോക്താക്കൾ ആരെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കോൺഗ്രസ്. മേപ്പാടി പഞ്ചായത്തിലെ കുന്നന്പറ്റയിൽ ‘കാട്ടാനത്തോട്ട’മാണ് വീട് നിർമാണത്തിനായി വാങ്ങിയത്. ഇവിടുത്തെ ഗുണഭോക്താക്കൾ ആരെന്ന് ഇപ്പോഴും വ്യക്തതയില്ല.
ദുരന്തം നേരിട്ട് ബാധിച്ച 451 പേരാണ് നിലവിൽ സർക്കാരിന്റെ ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇവർക്കായാണ് ടൗൺഷിപ് ഒരുങ്ങുന്നത്. ഇതിൽ 104 പേർ സർക്കാരിൽനിന്ന് 15 ലക്ഷം രൂപ വാങ്ങി ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുടെ പദ്ധതിയുടെ ഭാഗമായി. ബാക്കിയുള്ള 347 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ വീട് വേണ്ടത്. എന്നാൽ സർക്കാർ 410 വീടുകളാണ് നിർമിക്കുന്നത്. മാനദണ്ഡങ്ങൾക്ക് പുറത്തുള്ള ചില കുടുംബങ്ങളുടെ അപ്പീൽ സർക്കാരിന്റെ പരിഗണനയിലാണ്. ഇവരെക്കൂടി കണക്കിലെടുത്താണ് കൂടുതൽ വീടുകൾ ഒരുക്കുന്നത്. കാടിറങ്ങാത്ത ആദിവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ പദ്ധതിയുമുണ്ട്. ഫലത്തിൽ മുഴുവൻ ദുരന്തബാധിതരും സർക്കാരിന്റെ കരുതലിലാണ്.
ദുരന്തം നേരിട്ട് ബാധിക്കാത്ത മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലെ കുടുംബങ്ങളിൽ, പ്രദേശത്തുനിന്ന് മാറണമെന്ന് ആഗ്രഹിച്ച പലർക്കും സന്നദ്ധസംഘടനകൾ വീട് നിർമിച്ചുനൽകി. ചില പദ്ധതികൾ പുരോഗതിയിലാണ്. ദുരന്തം നേരിട്ട് ബാധിക്കാത്ത ഇത്തരം കുടുംബങ്ങളെ ഗുണഭോക്താക്കളായി ലഭിക്കുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. എന്നാൽ കാട്ടാനത്തോട്ടത്തിലേക്ക് ഇല്ലെന്ന നിലപാടിലാണിവർ.
ദുരന്തം ബാധിച്ചില്ലെങ്കിലും ചൂരൽമലയിലെ കാട്ടാനശല്യമുള്ള പ്രദേശത്തുകാരെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇവരുടെ അപ്പീലും സർക്കാരിലുണ്ട്. കാട്ടാനശല്യത്തിൽനിന്ന് രക്ഷതേടിയാണ് ഇവർ ടൗൺഷിപ്പിന്റെ ഭാഗമാകാൻ ശ്രമിക്കുന്നത്. ഇൗ സമയത്താണ് കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് വീട് നിർമാണത്തിനായി കോൺഗ്രസ് സ്ഥലം വാങ്ങിയത്.
ദുരന്തബാധിതരുടെ പേരിൽ കോടികൾ പിരിച്ച് ഒന്നരക്കൊല്ലം കഴിഞ്ഞാണ് 3.24 ഏക്കർ വാങ്ങിയത്. രണ്ട് ആധാരമാണ് രജിസ്‌റ്റർ ചെയ്‌തത്. 2.60 ഏക്കറിന് 2,57,40,000 രൂപയും 64.50 സെന്റിന് 63,85,500 രൂപയുമാണ് വില കാണിച്ചിട്ടുള്ളത്. 25 വീടാണ് പരമാവധി ഇവിടെ നിർമിക്കാൻ കഴിയുക. ഒരേക്കർ വീട് വയ്‌ക്കാൻ കഴിയാത്തവിധം ചെങ്കുത്താണ്. ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ധൂർത്തടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഗത്യന്തരമില്ലാതെയാണ് ഭൂമി വാങ്ങിയത്.










0 comments