print edition മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്‌പാബാധ്യത സർക്കാർ ഏറ്റെടുത്തു

തിരുവനന്തപുരം
വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ 2024 ജൂലൈ 30 വരെ ഉണ്ടായിരുന്ന മൊത്തം വായ്‌പാ ബാധ്യതയും സർക്കാർ ഏറ്റെടുത്ത് ഉത്തരവിറങ്ങി. ഇതിനാവശ്യമായ 18.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു. തുക കലക്‌ടർക്ക് കൈമാറുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് സ്വീകരിക്കും. ദുരന്തബാധിതരുടെ വായ്‌പാ തുകയിൽ കേരള ബാങ്ക് എഴുതിത്തള്ളിയ 93.01 ലക്ഷം രൂപ ബാങ്കിന് അനുവദിക്കുന്നതിനുള്ള നടപടികൾ കലക്‌ടർ സ്വീകരിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2024 ജൂലൈ 30 മുതൽ ഇൗ വായ്‌കൾക്ക് മൊറട്ടോറിയമുണ്ട്. അതിനാൽ ഇൗ കാലയളവിലെ പലിശ ബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ദുരന്തബാധിതരുടെ സിബിൽ സ്‌കോറിനെ ബാധിക്കാത്ത രീതിയിൽ വായ്‌പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ നടപ്പിലാക്കുന്നതിന് എസ്‌എൽബിസിയുമായി ചേർന്ന് മാനദണ്ഡങ്ങൾ നിശ്‌ചയിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വയനാട് കലക്‌ടർ സമർപ്പിച്ച പട്ടികയിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും വ്യക്തിയെ പുതിയതായി ഉൾപ്പെടുത്തുകയോ ഒഴിവാക്കേണ്ടിയോ വന്നാൽ തീരുമാനമെടുക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു.
ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. വായ്‌പ എഴുതിത്തള്ളുന്നതിന് സഹായകരമാകുന്ന വ്യവസ്ഥ കേന്ദ്രം റദ്ദാക്കുകയും ചെയ്‌തു. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. ഇൗ സാഹചര്യത്തിൽ വായ്‌പാ കുടിശ്ശിക സാധ്യമായ മാർഗങ്ങൾ വിനിയോഗിച്ച് ഏറ്റെടുക്കുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.










0 comments