ad
Deshabhimani

555 പേരുടെ 18.76 കോടി രൂപയുടെ ബാങ്ക്‌ വായ്‌പ 
 സംസ്ഥാന സർക്കാർ ഏറ്റെടുത്തപ്പോൾ 
 ആശങ്കയകന്ന്‌ പുതുജീവിതത്തിലേക്ക്‌ ചുവടുവയ്ക്കുകയാണ്‌

print edition കടഭാരത്തിന്റെ കദനമൊഴിഞ്ഞ്‌...

wayanad tragedy
വെബ് ഡെസ്ക്

Published on Jan 30, 2026, 02:08 AM | 1 min read


കൽപ്പറ്റ

‘വായ്പകൾ എഴുതിത്തള്ളാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ കണ്ണിൽ ചോരയില്ലാതെ കേന്ദ്രം ഒഴിഞ്ഞുമാറിയപ്പോഴും സംസ്ഥാന സർക്കാർ ചേർത്തുനിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ദുരന്തവ്യാപ്‌തി മനസ്സിലാക്കിയിട്ടും ചതിച്ചു. ഇപ്പോൾ ട‍ൗൺഷിപ്പിലെ വീടുകളിലേക്ക്‌ കടക്കാരല്ലാതെ കയറിച്ചെല്ലാൻ കഴിയുന്ന സന്തോഷമാണ്‌ ദുരന്തബാധിതരുടെ ഉള്ളുനിറയെ’. ചൂരൽമല– മുണ്ടക്കൈ ജനകീയ ആക്ഷൻ കമ്മിറ്റി കൺവീനർ ജെ എം ജെ മനോജിന്റെ വാക്കുകളിലുണ്ട്‌ അതിജീവിതരുടെ ആഹ്ലാദം.


കേന്ദ്ര സർക്കാർ കടം എഴുതിത്തള്ളുമെന്ന പ്രതീക്ഷയിൽ ഒന്നരവർഷമായി കാത്തിരിക്കുകയായിരുന്നു. കടം തള്ളാതിരിക്കാൻ ദുരന്തനിവാരണ നിയമംതന്നെ കേന്ദ്രം മാറ്റിയെഴുതിയതോടെ പ്രതീക്ഷ അവസാനിച്ചു. ട‍ൗൺഷിപ്പിൽ പുതിയ ജീവിതസാഹചര്യം ഒരുങ്ങുന്പോഴും കടബാധ്യതയുടെ ഭീതിയിലായിരുന്നു. 555 പേരുടെ 18.76 കോടി രൂപയുടെ ബാങ്ക്‌ വായ്‌പ സംസ്ഥാന സർക്കാർ ഏറ്റെടുത്തപ്പോൾ ആശങ്കയകന്ന്‌ പുതുജീവിതത്തിലേക്ക്‌ ചുവടുവയ്ക്കുകയാണ്‌. കടം ഏറ്റെടുത്തുള്ള സംസ്ഥാന സർക്കാർ ഉത്തരവും നിർദേശങ്ങളും ലഭിച്ചാൽ അതിവേഗം നടപടികളിലേക്ക്‌ കടക്കുമെന്ന്‌ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു.


2024 ജൂലൈ 29ന്‌ അർധരാത്രിയാണ്‌ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്‌. 298പേർ മരിച്ച ദുരന്തത്തിൽ 1202.12 കോടി രൂപയുടെ നഷ്ടമുണ്ടായി. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ചപ്പോഴും കേന്ദ്രസംഘം എത്തിയപ്പോഴും അതിതീവ്ര ദുരന്തമായ എൽ 3–യിൽ ഉൾപ്പെടുത്തണമെന്നും ബാങ്ക്‌ വായ്‌പ എഴുതിത്തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു. പലതവണ നിവേദനവും നൽകി. സഹായം ലഭിക്കില്ലെന്ന്‌ ഉറപ്പാക്കി അഞ്ചുമാസത്തിനുശേഷമാണ്‌ എൽ 3 യിൽ ഉൾപ്പെടുത്തിയത്‌.


കടം എഴുതിത്തള്ളണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിക്കാൻ വയനാട്‌ എംപി പ്രിയങ്കഗാന്ധി തയ്യാറായില്ല. പ്രതിഷേധം കനത്തപ്പോൾ പ്രധാനമന്ത്രിക്ക്‌ പേരിനൊരു കത്തയച്ചു. പുനരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരണത്തെയും കോൺഗ്രസ്‌ തടസ്സപ്പെടുത്തി. ദേശസാൽകൃത ബാങ്കുകളിൽനിന്ന്‌ ദുരന്തബാധിതർ എടുത്ത മുഴുവൻ കടവുമാണ്‌ സംസ്ഥാനം ഏറ്റെടുത്തത്‌. കേരള ബാങ്ക്‌ തള്ളിയ കടത്തിന്റെ ബാധ്യതയും ഏറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home