മുണ്ടക്കൈ ജീവനോപാധി വിതരണം
print edition ഉരുൾ അതിജീവിതർ പറയുന്നു ; 'സർക്കാർ ഞങ്ങളെ കൈവിടില്ല...'

കൽപ്പറ്റ
മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ ജീവനോപാധി വിതരണം അവസാനിപ്പിച്ചെന്ന വ്യാജവാർത്ത സൃഷ്‌ടിച്ച് സംസ്ഥാന സർക്കാരിനെതിരെ ബോധപൂർവ പ്രചാരണം നടത്തുന്നവരെ രാഷ്‌ട്രീയഭേദമന്യേ തള്ളിപ്പറയുകയാണ് ഉരുൾ അതിജീവിതർ.
ദുരന്തമുണ്ടായി ആദ്യത്തെ മൂന്നുമാസം മാത്രം നൽകേണ്ടിയിരുന്ന ജീവനോപാധി സംസ്ഥാന സർക്കാർ പ്രത്യേക താൽപ്പര്യമെടുത്ത് 12 മാസമാക്കി നീട്ടിയെന്നത് മറച്ചുവച്ചായിരുന്നു പ്രചാരണം. ഡിസംബർവരെ 12 മാസം പ്രഖ്യാപിച്ച മുഴുവൻ തുകയും കൈമാറിയ സർക്കാർ ജനുവരി മുതൽ വീണ്ടും സഹായം തുടരുമെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ച ആഹ്ലാദത്തിൽ ഗുണഭോക്താക്കൾ പ്രതികരിക്കുന്നു.
സഹായം മുടങ്ങിയിട്ടില്ല
ഉരുൾ ദുരന്തബാധിതരുടെ ജീവനോപാധി നിർത്തിയെന്ന വ്യാജ പ്രചാരണത്തിലൂടെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഒരുകൂട്ടർ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ ജീവനോപാധി മുടക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. കയറിക്കിടക്കാൻ സ്വന്തമായി ഒരിടമാകുംവരെ സർക്കാർ തണലൊരുക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. എന്റെ കുടുംബത്തിന് മാത്രം ഇതുവരെ പല സഹായങ്ങളായി ഒമ്പത് ലക്ഷം രൂപ തന്നു. വീടിന്റെ വാടകയും ചികിത്സാ സഹായവും ലഭിക്കുന്നു. ടൗൺഷിപ്പിൽ വീടും ഒരുങ്ങുന്നുണ്ട്.
ഉസ്‌മാൻ ബാപ്പു , മുണ്ടക്കൈ
സർക്കാരിൽ പൂർണവിശ്വാസം
രക്ഷാപ്രവർത്തനം മുതൽ ഇൗ നിമിഷംവരെ സർക്കാരിന്റെ കരുതലിൽ പൂർണ തൃപ്‌തനാണ്. വീട് നഷ്‌ടമാകാത്ത എനിക്കും ഉപജീവനം നഷ്‌ടമായെന്ന് തിരിച്ചറിഞ്ഞ് ഇത്രകാലവും ജീവനോപാധി നൽകി. കുടുംബത്തിലെ രണ്ടുപേർക്ക് 9000 രൂപ വീതം സർക്കാർ ഇനിയും നൽകുമെന്ന് ഉറപ്പാണ്. ജീവനോപാധി നൽകുന്നതിന് പുറമെ എല്ലാ മാസവും ഭക്ഷ്യക്കിറ്റും നൽകുന്നുണ്ട്.
എൻ മനോജ് , റേഷൻ വ്യാപാരി ,ചൂരൽമല
കരുതൽ തുടരുന്നു
മൂന്നുമാസത്തേക്ക് മാത്രം നൽകേണ്ടിയിരുന്ന ജീവനോപാധി സംസ്ഥാന സർക്കാർ പ്രത്യേക താൽപ്പര്യമെടുത്ത് 12 മാസം നൽകി. വീടുകൾ നൽകുംവരെ സഹായം തുടരാനുള്ള തീരുമാനം സർക്കാരിന്റെ ഞങ്ങളോടുള്ള കരുതലാണ്. ജീവനോപാധി നിർത്തിയെന്ന വ്യാജ വാർത്തകൾ ദുരന്തബാധിതരെ സങ്കടത്തിലേക്ക് തള്ളിവിടാൻ ലക്ഷ്യമിട്ടായിരുന്നു. സർക്കാർ കൈവിടില്ലെന്ന വിശ്വാസമാണ് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും കുടുംബങ്ങളുടെ അതിജീവനത്തിന്റെ ഉൗർജം.
റെജി തേക്കിലക്കാട്ടിൽ ,ചൂരൽമല










0 comments