ad
Deshabhimani

print edition ഹൃദയങ്ങളൊന്നായി 
പുതുജീവിത സംഗമം

Mundakkai Chooralmala Township

വയനാട് മുണ്ടക്കൈ ഉരുള്‍ അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനത്തിനായി വിവിധ ജില്ലകളില്‍നിന്നടക്കം എത്തിയവര്‍
വീടുകള്‍ കാണുന്നു / ഫോട്ടോ മിഥുന്‍ അനില മിത്രന്‍

avatar
കെ എ അനിൽകുമാർ

Published on Mar 02, 2026, 02:04 AM | 1 min read


കൽപ്പറ്റ

ദുരന്തം ഏറ്റുവാങ്ങിയ ഹൃദയങ്ങൾ വീണ്ടും ഒന്നുചേർന്നു. ഒരു കുടുംബംപോലെ കഴിഞ്ഞവർ ഉരുളൊഴുക്കിൽ ചിന്നിച്ചിതറിയിടത്തുനിന്ന്‌ വീണ്ടും ട‍ൗൺഷിപ്പിൽ കൂടിച്ചേർന്നത്‌ വൈകാരികമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളിൽനിന്നായിരുന്നു ഇവരെത്തിയത്‌. പരസ്‌പരം ആശ്ലേഷിച്ചു, കണ്ണുനിറഞ്ഞു. ഗതകാലസ്‌മരണകളിൽ മുഴുകി. നൊടിയിടെ ദുഃഖമകന്ന്‌ വീണ്ടും ഒരുമിച്ച്‌ പുതുജീവിതം പങ്കിടുന്നതിന്റെ ആവേശത്തിലായി, ആനന്ദാശ്രുക്കളായി– ‘നാം അതിജീവിച്ചു’ എന്ന്‌ നിശ്ശബ്ദമായി പറഞ്ഞുവയ്‌ക്കുംപോലെ.


താമസംകൊണ്ട്‌ അകന്നുപോയ പലരും പരസ്‌പരം കരംപിടിച്ചാണ്‌ വേദിയിലിരുന്നത്‌. വാതോരാതെ സംസാരിച്ചു. വിശേഷങ്ങൾ പങ്കുവച്ചു. കുട്ടികൾ കളിയിലും ചിരിയിലുമമർന്നു. മുറിവുകൾക്കുമേൽ പ്രതീക്ഷയുടെ പൂക്കൾ വിരിയുകയായിരുന്നു. ദുരന്തത്തെ തോൽപ്പിച്ച മനുഷ്യമനസ്സിന്റെ കരുത്തും കൂട്ടായ്മയുടെ വിജയവും.


ആദ്യഘട്ട പട്ടികയിലെ 178 പേർക്കാണ്‌ വീടും പട്ടയവും അനുവദിച്ചതെങ്കിലും ദുരന്തബാധിതരായ മുഴുവൻ പേരും ഉദ്‌ഘാടന ചടങ്ങിനെത്തിയിരുന്നു. ഇവർക്കെത്താൻ വിവിധ ഭാഗങ്ങളിൽനിന്ന്‌ കെഎസ്‌ആർടിസിയുടെ പ്രത്യേക സർവീസും ഒരുക്കിയിരുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന്‌ മടങ്ങിയശേഷം ആദ്യമായിട്ടായിരുന്നു പലരും ഒരുമിച്ച്‌ കണ്ടത്‌.


ഉദ്‌ഘാടനം വർണാഭമായി. ബലൂണുകൾ വാനിൽ പാറിപ്പറന്നു. വിവിധ സംഘടനകൾ ആശംസകളർപ്പിച്ച്‌ ബോർഡുകളും ബാനറുകളും വഴിനീളെ സ്ഥാപിച്ചിരുന്നു. എല്ലാവരെയും പ്രത്യേകം ക്ഷണിച്ച്‌ ബാഡ്‌ജ്‌ ധരിപ്പിച്ച്‌ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലേക്ക്‌ ഉദ്യോഗസ്ഥർ ആനയിച്ചു. പരിപാടിക്ക്‌ ലഘുഭക്ഷണവും ജ്യൂസും നൽകിയാണ്‌ യാത്രയാക്കിയത്‌.


ട‍ൗൺഷിപ്പിലുയരും 
ജനറൽ ആശുപത്രിയും വിദ്യാലയവും

ദുരന്തബാധിതർക്കുള്ള ട‍ൗൺഷിപ്പിൽ ജനറൽ ആശുപത്രിയും വിദ്യാലയവും ഉയരും. കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ക്രിറ്റിക്കൽ കെയർ യ‍‍ൂണിറ്റ്‌ സ്ഥാപിക്കുന്നതിന്‌ 2.4282 ഹെക്ടർ സർക്കാർ അനുവദിച്ചു. ഇവിടെ ക്രിറ്റിക്കൽ കെയർ യൂണിറ്റും അനക്‌സ്‌ കോംപ്ലക്‌സും നിർമിക്കും.


കെഎസ്എഫ്ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന അനക്‌സ് കോംപ്ലക്‌സിന്റെ നിർമാണ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.


കൽപ്പറ്റ ഗവ. എൽപി സ്കൂൾ ട‍ൗൺഷിപ്പിലേക്ക്‌ മാറ്റിസ്ഥാപിക്കാൻ സ്ഥലം അനുവദിക്കും. പരിമിതമായ സാഹചര്യത്തിലാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്‌. അതിജീവിതരായ കുട്ടികളുടെ പഠനമുൾപ്പെടെ ലക്ഷ്യമിട്ട്‌ സ്‌കൂൾ ട‍ൗൺഷിപ്പിൽ നിർമിക്കാൻ സ്ഥലം അനുവദിക്കുന്നതിന്‌ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ജനറൽ ആശുപത്രിക്കും സ്‌കൂളിനും സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ കമ്മിറ്റിയും എൽഡിഎഫും നേരത്തെ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home