13 കുടുംബങ്ങൾക്ക് ചൂരൽമലയിൽത്തന്നെ
print edition ഗോത്രകുടുംബങ്ങൾക്കും ചൂരൽമലയിൽ ഭൂമിയായി ; വീട് ടൗൺഷിപ്പ് മാതൃകയിൽ

കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങളെ ചൂരൽമലയിൽത്തന്നെ പുനരധിവസിപ്പിക്കാൻ ഭൂമിയായി. ഇവിടെത്തന്നെ പുനരധിവാസം വേണമെന്ന കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക പദ്ധതി. ചൂരൽമല പുതിയ വില്ലേജിലെ വാസയോഗ്യമായ അഞ്ച് ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ 13 കുടുംബത്തിനാണ് പുനരധിവാസം നൽകുന്നത്. കൽപ്പറ്റയിലെ ടൗൺഷിപ്പിലേതിന് സമാനമായ വീട് ഇവിടെ നിർമിച്ചുനൽകും.
ടൗൺഷിപ്പിലേക്ക് വരാൻ ഇവർ തയ്യാറായിരുന്നില്ല. വനവിഭവം ശേഖരിച്ച് ഉപജീവനം കണ്ടെത്തുന്ന കുടുംബങ്ങൾക്ക് ചൂരൽമലയിൽനിന്ന് മാറാനാകില്ലെന്ന് അറിയിച്ചതോടെയാണ് നടപടി. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തന കാലത്തുപോലും മാറിത്താമസിക്കാൻ ഇവർ വിസമ്മതിച്ചിരുന്നു. വനത്തിനോട് ചേർന്ന് വീട് വേണമെന്നായിരുന്നു ആവശ്യം.
ടൗൺഷിപ്പിന്റെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട പുഞ്ചിരിമട്ടത്തെ അഞ്ചും ചൂരൽമല പുതിയ വില്ലേജിനുസമീപത്തെ മൂന്നും ഉരുൾപൊട്ടലിനുശേഷം ഒറ്റപ്പെട്ട അട്ടമല എറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ചും കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. ഭൂമി രണ്ടായിത്തിരിച്ച് പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലുണ്ടായിരുന്നവരെ ഒരിടത്തും എറക്കാട്ടുകുണ്ടുകാരെ മറ്റൊരിടത്തും പുനരധിവസിപ്പിക്കും. എറാട്ടുകുണ്ടിലെ കുടുംബങ്ങൾക്ക് 10 സെന്റ് വീതം നൽകും. പുഞ്ചിരിമട്ടത്തെയും പുതിയ വില്ലേജിലെയും കുടുംബങ്ങൾക്ക് ചുരുങ്ങിയത് 10 സെന്റും വനാവകാശ നിയമപ്രകാരം മുമ്പുണ്ടായിരുന്ന അത്രതന്നെയും ഭൂമിയും നൽകും. കൈവശരേഖ കുടുംബങ്ങൾക്ക് നൽകും.
വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഗുണഭോക്താക്കൾക്കുള്ള ഭൂമിയുടെ രേഖകൾ തയ്യാറാക്കിയതായി അധികൃതർ പറഞ്ഞു.










0 comments