print edition മുനമ്പം തീരത്ത് ആഹ്ലാദത്തിര ; വിധിക്കുപിന്നാലെ 15 കുടുംബങ്ങൾ കരമടച്ചു

മുനമ്പം തീരഭൂമിയിലെ താമസക്കാർ കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ ബുധനാഴ്‌ച കരം അടയ്‌ക്കാൻ എത്തിയപ്പോൾ
വൈപ്പിൻ
കരം അടയ്‌ക്കാൻ അനുവദിച്ചുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി എത്തിയതോടെ മുനന്പം തീരജനത ആശ്വാസത്തിലായി. മുനമ്പം തീരഭൂമി വഖഫ് അല്ലെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറൽ നേരിട്ട് ഹാജരായി കരം സ്വീകരിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചതിനെ തുടർന്നാണ് ഹൈക്കോടതി എല്ലാ റവന്യു അവകാശങ്ങളും പുനഃസ്ഥാപിച്ചത്. ഇതോടെ വർഷങ്ങളായി നിലനിന്ന പ്രതിസന്ധിക്ക് അറുതിയായി. വിധി വന്നതിനുപിന്നാലെ മുനന്പത്തെ 15 കുടുംബങ്ങൾ കുഴുപ്പിള്ളി വില്ലേജ് ഓഫീസിലെത്തി കരം അടച്ചു.
മുനന്പം തീരജനത അനുഭവിച്ച സമാനതകളില്ലാത്ത ജീവിതദുരിതങ്ങൾക്കും ഇതോടെ പരിഹാരമാകുകയാണ്. വിവിധ സാന്പത്തികാവശ്യങ്ങൾക്ക് ബാങ്കുകളെ ഉൾപ്പെടെ സമീപിക്കാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. വിദ്യാഭ്യാസം, വിവാഹം, അടിയന്തര ചികിത്സാവശ്യം എന്നിവയ്‌ക്കുപോലും ബാങ്കുകളെ സമീപിക്കാനായിരുന്നില്ല. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നെടുത്ത പണം തിരിച്ചടയ്‌ക്കാനും പലർക്കും കഴിഞ്ഞിരുന്നില്ല. അത്തരം പ്രയാസങ്ങൾക്കെല്ലാം ഇൗ വിധിയോടെ പരിഹാരമാകുകയാണ്.
മുസ്ലിംലീഗ് നേതാവ് പാണക്കാട് റഷീദലി തങ്ങൾ വഖഫ് ബോർഡ് ചെയർമാനായിരിക്കെയാണ് മുനമ്പം ഭൂമി ബോർഡിന്റേതാണെന്ന് പ്രഖ്യാപിച്ചത്. 2022 ൽ എൽഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവിലൂടെ മുനന്പം ഭൂമിക്ക് കരമടയ്‌ക്കാൻ അനുമതി നൽകി. അതിനെതിരെ ലീഗ് നേതാവ് കെ പി എ മജീദ് നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചതോടെയാണ് നിയമ വ്യവഹാരങ്ങൾ തുടങ്ങിയത്.
മുനമ്പം വിഷയത്തിൽ ജുഡീഷ്യല്‍ കമീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ഒക്‌ടോബർ 10ലെ അനുകൂല വിധിയാണ് ഇപ്പോഴത്തെ തീർപ്പിന് സാഹചര്യമൊരുക്കിയത്. മുനന്പം ഭൂമി വഖഫായി കണക്കാക്കാനാകില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ച് വിധി. ഒപ്പം, റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ അധ്യക്ഷനായ കമീഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിയും റദ്ദാക്കി. 1950-ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജിനുള്ള ഇഷ്ടദാനമാണ്. അത് വഖഫ് അല്ല. ആ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.










0 comments