കോൺഗ്രസ് വേദിയിലെ അടിപിടി
'ഷാഫി പ്രകോപിതനാകരുതായിരുന്നു'; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിലുണ്ടായ 'ഉന്തും തള്ളും' വിഷയത്തിൽ വടകര എം പി ഷാഫി പറമ്പിലിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൊതുവേദിയിൽ നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയത് അനാവശ്യമായിരുന്നുവെന്നും ഷാഫി പറമ്പിൽ സംയമനം പാലിക്കണമായിരുന്നുവെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിനെത്തുടർന്ന് ഷാഫി പറമ്പിൽ പ്രകോപിതനാവുകയായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് എം പിയെയും മുൻ എംഎൽഎ പാലക്കൽ അബ്ദുള്ളയെയും പ്രസംഗിക്കാൻ ക്ഷണിച്ചതോടെ ഷാഫിക്ക് കടുത്ത അമർഷമുണ്ടായി. ചാനൽ ക്യാമറകൾക്ക് മുന്നിലായിരുന്നു ഈ അച്ചടക്കലംഘനമെന്നത് ഷാഫി മറന്നുപോയി. ഷാഫി പ്രകോപിതനായപ്പോൾ തന്നെ "യൂ മസ്റ്റ് കൺട്രോൾ യുവർ സെൽഫ്" എന്ന് താൻ താക്കീത് നൽകിയിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
പരിപാടിയുടെ സംഘാടനത്തിലും കടുത്ത വീഴ്ചയുണ്ടായതായി മുല്ലപ്പള്ളി കുറ്റപ്പെടുത്തി. വേദിയിൽ ആളുകളെ കയറ്റുന്നതിൽ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. അതേസമയം, സംഘർഷത്തിനിടെ താൻ വേദിയിൽ വീണുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. താൻ സോഫയിൽ ഇരുന്നതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കോൺഗ്രസ് വേദികൾ തല്ലുപിടിത്തത്തിന്റെ വേദിയായി മാറുന്ന കാഴ്ചയാണ് കുറ്റ്യാടിയിൽ കണ്ടത്. ഗ്രൂപ്പ് പോരും സീറ്റ് തർക്കങ്ങളും രൂക്ഷമായ കോൺഗ്രസിന്റെ പൊതുവേദിയിലെ അടിപിടിക്കെതിരെ ഏറെ വിമർശനങ്ങയർന്നിരുന്നു.










0 comments