ad
Deshabhimani

print edition മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു

1
വെബ് ഡെസ്ക്

Published on Aug 13, 2026, 01:31 AM | 2 min read

കുമളി: മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ ഉപസമിതി ബുധനാഴ്‍ച അണക്കെട്ട് സന്ദർശിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 123 അടിയിലെത്തിയ സാഹചര്യത്തിലായിരുന്നു ദക്ഷിണ മേഖലാ ഡയറക്ടർ ഗിരിധരൻ അധ്യക്ഷനായ ഉപസമിതി സന്ദര്‍ശനം. മൂന്നുമാസത്തിന് ശേഷമാണ് സംഘം അണക്കെട്ടിൽ എത്തുന്നത്.


തേക്കടിയിൽനിന്ന്‌ ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്ത് ഡാം, ഗാലറി എന്നിവിടങ്ങള്‍ പരിശോധിച്ചു. അണക്കെട്ടിലെ 13 ഷട്ടറുകളിൽ മൂന്ന്‌, ആറ്‌ എന്നിവയുടെ പ്രവർത്തനവും പരിശോധിച്ചു. അണക്കെട്ടിൽനിന്നുള്ള ചോർച്ചയും പരിശോധിച്ചു. മിനിറ്റിൽ 35.038 ലിറ്റർ എന്ന തോതിലാണ് ചോർച്ച രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.


വൈകിട്ട് കുമളിയിലെ മേൽനോട്ട സമിതി ഓഫീസിൽ അവലോകന യോഗം ചേർന്നു. ബേബി ഡാം ബലപ്പെടുത്തൽ വേഗത്തിൽ ആരംഭിക്കണമെന്നും വള്ളക്കടവ് മുതൽ അണക്കെട്ട് വരെയുള്ള ഭാഗത്തെ റോഡുകൾ അടിയന്തരമായി പുനരുദ്ധരിക്കണമെന്നും തമിഴ്നാട് പ്രതിനിധികൾ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ, പരിപാലനം, നിലവിലുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും ചർച്ച നടന്നതായി അധികൃതർ അറിയിച്ചു.


കേരളത്തിന്റെ പ്രതിനിധികളായി എറണാകുളം സെൻട്രൽ സർക്കിൾ ജലസേചന വിഭാഗം മേൽനോട്ട എൻജിനീയർ ഷൈനി ജോസഫ്, കട്ടപ്പന ജലസേചന ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, തമിഴ്നാടിന്റെ പ്രതിനിധികളായി പെരിയാർ–വൈഗ നദീതട വിഭാഗം മേൽനോട്ട എൻജിനീയർ സാം ഇർവിൻ, പെരിയാർ അണക്കെട്ട് പ്രത്യേക വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സെൽവം എന്നിവരാണ്‌ പങ്കെടുത്തത്‌.


മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തല്‍; കേരളം തടസ്സപ്പെടുത്തുന്നുവെന്ന്‌ തമിഴ്‌നാട്‌


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയായി ഉയർത്തുന്നതിനുവേണ്ടിയുള്ള ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ കേരളം തടസ്സപ്പെടുത്തുകയാണെന്ന്‌ ആരോപിച്ച്‌ തമിഴ്‌നാട്ടിലെ ടിവികെ സർക്കാർ സുപ്രീംകോടതിയിൽ. ബേബി ഡാം, എർത്ത്‌ ഡാം, പ്രധാന അണക്കെട്ട്‌ എന്നിവയുടെ ബലപ്പെടുത്തലിനോട്‌ കേരളം നിസ്സഹരിക്കുകയാണെന്നും തടസ്സ മനോഭാവം പുലർത്തുകയാണെന്നുമാണ്‌ കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലെ അവകാശവാദം. !


ബേബി ഡാമിന്‌ സമീപത്തെ 23 മരം വെട്ടാൻ കോടതി അനുവദിക്കണം, മരം വെട്ടുന്നത്‌ സംബന്ധിച്ച്‌ കേരളം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിൽ അറിയിപ്പ്‌ നൽകിയിട്ടില്ല, ഗ്രേ‍ൗട്ടിങ്ങിനുള്ള സാധനങ്ങളും യന്ത്രങ്ങളും എത്തിക്കാൻ സഹകരിക്കുന്നില്ല, മഴ, വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ്‌ തമിഴ്‌നാട്‌ ഉന്നയിച്ചത്‌.


ജലനിരപ്പ്‌ 152 അടിയാക്കി ഉയർത്തുമെന്ന തമിഴ്‌നാട്‌ സർക്കാരിന്റെ ബജറ്റ്‌ പ്രഖ്യാപനത്തിന്‌ പിന്നാലെയാണ്‌ തൽസ്ഥിതി റിപ്പോർട്ട്‌ നൽകിയത്‌.

കേരളം മുന്പ്‌ തള്ളിയ അവകാശവാദങ്ങൾ വീണ്ടും ആവർത്തിക്കുകയായിരുന്നു ടിവികെ സർക്കാർ. മരങ്ങൾ വെട്ടുന്നതിൽ എതിർപ്പില്ലെന്നും കടുവ സങ്കേതത്തിനുള്ളിലെ മരം മുറിക്കാൻ കേന്ദ്രസർക്കാർ അനുമതി വേണമെന്നും എൽഡിഎഫ്‌ സർക്കാർ നേരത്തെ കോടതിയെ അറിയിച്ചതാണ്‌.


മരം വെട്ടുന്നതിനും റോഡ്‌ നന്നാക്കുന്നതിനും ദേശീയ വന്യജീവി ബോർഡ്‌ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതിയും 1980ലെ വനസംരക്ഷണ നിയമപ്രകാരമുള്ള പാരിസ്ഥിതിക അനുമതിയും തമിഴ്‌നാടാണ്‌ വാങ്ങേണ്ടത്‌.

മുല്ലപ്പെരിയാർ അണക്കെട്ട്‌ ശക്തിപ്പെടുത്താൻ മേൽനോട്ട, ഉന്നതാധികാര സമിതികൾ മുന്നോട്ടുവെച്ച ഒരു ശുപാർശയേയും കേരളം എതിർത്തിട്ടുമില്ല.

അടിത്തട്ടിലെ സ്ഥിതിയറിയാൻ സമഗ്ര ആർഒവി (റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ) പഠനം തമിഴ്‌നാട്‌ നടത്തണമെന്നും അതിനുശേഷം മാത്രമേ ബലപ്പെടുത്തൽ പാടുള്ളൂവെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home