താനൂരിൻ്റെ അഭിമാനമായി മുഹമ്മദ് ഹാഷിം; സിവിൽ സർവീസിൽ 713-ാം റാങ്ക്

മുഹമ്മദ് ഹാഷിം
താനൂർ: കഠിനാധ്വാനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കരുത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല നേട്ടം കരസ്ഥമാക്കി താനൂർ ഓലപ്പീടിക സ്വദേശി മുഹമ്മദ് ഹാഷിം. 713-ാം റാങ്ക് നേടിയാണ് ഹാഷിം തൻ്റെ സ്വപ്നനേട്ടത്തിലേക്ക് എത്തിയത്. നാലാം ശ്രമത്തിലാണ് ഹാഷിം സിവിൽ സർവീസ് കടമ്പ കടന്നത്.
പൂനെ ഐസറിലെ (IISER) പഠനകാലത്താണ് സിവിൽ സർവീസ് എന്ന ലക്ഷ്യം ഹാഷിമിൻ്റെ മനസ്സിൽ ഉദിക്കുന്നത്. തിരുവനന്തപുരത്തെയും പെരിന്തൽമണ്ണയിലെയും പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പ്രാഥമിക പഠനം നടത്തിയ ശേഷം സ്വയം പഠനത്തിലൂടെയാണ് ഹാഷിം പരീക്ഷയെ നേരിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളിലും ഒന്നാം ഘട്ട പരീക്ഷ വിജയിച്ചെങ്കിലും മുന്നോട്ട് പോകാനായില്ല. മൂന്നാം ശ്രമത്തിൽ അഭിമുഖം വരെ എത്തിയെങ്കിലും റാങ്ക് പട്ടികയിൽ ഇടംപിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പരാജയങ്ങളിൽ തളരാതെ നടത്തിയ നാലാം ശ്രമത്തിലാണ് ഇപ്പോൾ മികച്ച റാങ്ക് സ്വന്തമാക്കിയത്.
നിലവിൽ ചെന്നൈയിൽ കേന്ദ്ര സർക്കാർ ജോലിക്കായുള്ള പരിശീലനത്തിലാണ് ഹാഷിം. കഴിഞ്ഞ തവണ സിവിൽ സർവീസ് അഭിമുഖത്തിൽ പങ്കെടുത്തതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് ഓഫീസർ തസ്തികയിലേക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. ഐഎഎസ് ലക്ഷ്യം പൂർത്തിയാക്കാൻ ഒരു തവണ കൂടി പരീക്ഷ എഴുതാനാണ് ഹാഷിമിൻ്റെ തീരുമാനം.
മഹാരാഷ്ട്രയിൽ കച്ചവടക്കാരനായ കോയയുടെയും ഷരീഫ കൊല്ലടത്തിലിൻ്റെയും മകനാണ്. ഫാത്തിമത്തുൽ ഹാഫിസ, ഫാത്തിമ സുഹറ, ഫാത്തിമത്തുൽ ഹുസ്ന എന്നിവർ സഹോദരങ്ങളാണ്.










0 comments