എംഎസ്‍സി കപ്പൽ അപകടം: മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എംഎസ്‍സി കപ്പൽ അപകടം മത്സ്യബന്ധനത്തെ സാരമായി ബാധിച്ച സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക. ജില്ലകളിലെ 78498 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 27020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്കും ധനസഹായം ലഭിക്കും.
ഒരോ കുടുംബത്തിനും ഇടക്കാല ആശ്വാസമായി 1000 രൂപയും 6 കിലോ അരി വീതം സൗജന്യ റേഷനും അനുവദിക്കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് ഫണ്ട് അനുവദിക്കുക. ഇതിലേക്കായി 105,518,000 രൂപ അനുവദിച്ചു. 1,05,518 കുടുംബങ്ങൾക്ക് ആറ് കിലോ അരി വീതം സൗജന്യ റേഷൻ അനുവദിക്കുന്നതിനുള്ള നടപടി ഭക്ഷ്യ പൊതു വിതരണ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി- 3 കപ്പൽ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിരുന്നു. സർക്കാർ അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.










0 comments