മക്കളുടെ മുന്നിൽ വച്ച് അമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വർഷം കഠിനതടവും

ചടയമംഗലം : മക്കളുടെ മുന്നിൽ വച്ച് അമ്മയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. കടയ്ക്കൽ റാഫി മൻസിലിൽ റംലാബീവി(40)യെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പോരേടം ചരുവിള പുത്തൻവീട്ടിൽ ഐ നവാസിനെ(44)യാ ണ് കൊട്ടാരക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി ടി ആർ റീനാദാസ് ശിക്ഷിച്ചത്. കേസിൽ പ്രതി ചേർത്തിരുന്ന ഭർത്താവ് ഷാജഹാനെയും മറ്റ് രണ്ടുപേരെയും വിട്ടയച്ചു. ഗൂഢാലോചന ഉൾപ്പെടെ കുറ്റങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാലാണ് മൂവരെയും വിട്ടയച്ചത്. 2019 ഫെബ്രുവരി 24ന് രാത്രി 9.15നാണ് സംഭവം.
ഭർത്താവ് ഷാജഹാനുമായി പിണങ്ങിക്കഴിയുകയായിരുന്നു റംലാബീവിയും മക്കളും. ഷാജഹാനെതിരെ കുടുംബ കോടതിയിലും കേസ് നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് ക്വട്ടേഷൻ നൽകി. കുട്ടേഷൻ സംഘ ബൈക്കിൽ എത്തുകയും നവാസ് വീട് തള്ളിത്തുറന്ന് അകത്ത് കയറി ആറും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികൾക്ക് ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്ന റംലാബീവിയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ആക്രമി ക്കുകയായിരുന്നു. കത്തികൊണ്ട് പല തവണ കുത്തിയ ശേഷം നവാസ് രക്ഷപ്പെട്ടു.
കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ വ്യവസ്‌ഥ പ്രകാരം റംലാബീവിയും മക്കളും ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. വീട് ഒഴിയണമെന്നും വിവാഹബന്ധം വേർപെടുത്തണമെന്നും പല തവണ പറഞ്ഞിട്ടും ഒഴിയാതെ വന്നതോടെ റംലാബീവിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലുള്ളത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി എസ് സോനു ഹാജരായി. ഗ്രേഡ് എഎസ്ഐ അഞ്ജു പ്രോസിക്യൂഷൻ സഹായിയായിരുന്നു. ഷാജഹാൻ ഉൾപ്പെടെ 3 പേരെ വിട്ടയച്ച ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.











0 comments