വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകവെ ആംബുലൻസ് മറിഞ്ഞു; അമ്മ മരിച്ചു

അപകടത്തില്‍പ്പെട്ട ആംബുലന്‍സ്, മരിച്ച ജോറാമ്മ
പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന നിലയിൽ മകനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് പരേതരായ മുത്തുറാവുത്തറുടെയും ആയിഷാമ്മയുടെയും മകൾ ജോറാമ്മ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.50-ഓടെ കാടാങ്കോട് ജങ്ഷനടുത്തായിരുന്നു അപകടം.
നല്ലേപ്പിള്ളി സ്വദേശിയായ മഫ്‌ലുവിനെ (25) വിഷം ഉള്ളിൽച്ചെന്ന നിലയിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. കാടാങ്കോട് ജങ്ഷനിലെ വളവിൽ എതിരെ വന്ന ബൈക്ക് അതേ ദിശയിൽ പോയ ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു.
ബൈക്കിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ആംബുലൻസ് വശത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് വാഹനം നിന്നത്. ഈ സമയം കടയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലക്കാട് ടൗൺ സൗത്ത് പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടസ്ഥലത്ത് എത്തിയ മറ്റൊരു ആംബുലൻസിലാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ജോറാമ്മയുടെ മരണം സംഭവിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്ന മഫ്‌ലു, ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്മത്ത്, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും നിസ്സാര പരിക്കുണ്ട്.










0 comments