മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിക്കൽ: അധ്യാപകനെതിരെ കൂടുതൽ കേസുകൾ

പാലക്കാട്: മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച കല്ലേപ്പുള്ളി പിഎഎംഎം യുപി സ്‌കൂൾ അധ്യാപകൻ അനിലിനെതിരെ അഞ്ച് കേസുകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം ആറായി. പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയാണ് മലമ്പുഴ പൊലീസ് കേസെടുത്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്‌കൂളിലെ വിദ്യാർഥികൾക്ക് നൽകിയ കൗൺസലിങ്ങിനിടെ കൂടുതൽ കുട്ടികൾ ദുരനുഭവം തുറന്നുപറഞ്ഞു.
പട്ടികവർഗ അതിക്രമ വകുപ്പ് ഉൾപ്പെടുത്തിയ മൂന്ന് കേസ് മണ്ണാർക്കാട് ഡിവൈഎസ്‌പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും മൂന്ന് കേസ് മലമ്പുഴ പൊലീസുമാണ് അന്വേഷിക്കുക. പൊലീസ് പരിശോധനയിൽ അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തി. ഫോൺ വിദഗ്‌ധ പരിശോധനയ്‌ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഇയാൾ റിമാൻഡിലാണ്.
സ്കൂൾ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം രൂക്ഷം
അധ്യാപകനെതിരെ പരാതിയുയർന്നിട്ടും പൊലീസിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലോ പരാതി നൽകാതെ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ച സ്കൂൾ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസലിങ്ങിൽ കുട്ടികൾ കൂടുതൽ വെളിപ്പെടുത്തൽ നടത്താതിരിക്കാൻ മറ്റു അധ്യാപകർ ഇടപെടുന്നതായും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കൗൺസലിങ് നൽകണമെന്നും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് എതിർപ്പുമുണ്ടാകരുതെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തിൽ മാനേജ്മെന്റിനും പ്രധാനാധ്യാപികയ്ക്കും വീഴ്ചപറ്റിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എഇഒ അന്വേഷണം നടത്തി ഡിഡിഇക്ക് സമർപ്പിച്ച റിപ്പോർട്ടിലും ഇവർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട്.










0 comments