print edition കാലവർഷം 26ന് കേരളതീരം തൊടും

ഫയൽ ചിത്രം
തിരുവനന്തപുരം: കനത്ത മഴയുമായി തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ. പ്രതീക്ഷിച്ചതിലും അഞ്ചുനാൾ മുന്പെത്തിയ കാലവർഷം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ അറബിക്കടൽ മേഖലകളിലേക്ക് വ്യാപിച്ചു. വരുംദിവസങ്ങളിൽ കാലവർഷക്കാറ്റ് കൂടുതൽ മേഖലകളിലേക്ക് മുന്നേറും.
കാലവർഷം 26ന് കേരളതീരം തൊടുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞവർഷം മെയ് 24നാണ് കാലവർഷം കേരളത്തിലെത്തിയത്. കാലവർഷക്കാലമായ ജൂൺമുതൽ സെപ്‌തംബർവരെ 1752.7 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു, പ്രതീക്ഷിച്ചതിനേക്കാർ 13 ശതമാനം കുറവ്. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ, 2987 മില്ലിമീറ്റർ.
കാസർകോട് 2781, കോഴിക്കോട് 2071, തൃശൂർ 2066, തിരുവനന്തപുരം 849 മില്ലിമീറ്റർ മഴ ലഭിച്ചു. ഇക്കുറി രാജ്യത്ത് കാലവർഷം സാധാരണയിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മെയ്, ജൂൺ മാസത്തോടെ എൽനിനോ രൂപപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണിത്. എൽനിനോ സാധ്യത 82 ശതമാനമായി ഉയർന്നതായി അമേരിക്കൻ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷൻ പറയുന്നു. പസിഫിക്കിലെ ഉപരിതല താപനില ഉയരുന്നതിനാലാണിത്.









0 comments