print edition കുഴൽപ്പണ കവർച്ച; കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ പിരിച്ചു


സ്വന്തം ലേഖകൻ
Published on Jun 23, 2026, 12:39 AM | 1 min read
തൃശൂർ : തൃപ്രയാറിൽ കാർ ആക്രമിച്ച് കുഴൽപ്പണം കവർന്ന കേസിൽ പരാതിക്കാരനായ കോൺഗ്രസ് നേതാവിനെതിരെയും അന്വേഷണം. പട്ടാന്പിയിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് റാഫിക്കെതിരെയാണ് അന്വേഷണം. രൂപ ഡോളറാക്കി മാറ്റി നൽകാമെന്ന് പറഞ്ഞ് ഇയാൾ വ്യാപക പണപ്പിരിവ് നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിനുമേലെയുള്ള തുകയാണ് ഇയാൾ ഇത്തരത്തിൽ സമാഹരിച്ചത്. പണം നഷ്ടമായ രണ്ടുപേർ അന്വേഷണ സംഘത്തിന് പരാതി നൽകി. കൂടുതൽ പരാതികളുണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇയാളുടെ സാന്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
മുഹമ്മദ് റാഫിയാണ് രൂപ മാറ്റി ഡോളറാക്കാൻ ഏജന്റായ രഞ്ജിത്തിനെ ബന്ധപ്പെട്ടത്. സമാന കേസിൽ പ്രതിയായ ക്രിമിനൽ പശ്ചാത്തലമുള്ള രഞ്ജിത്തുമായുള്ള റാഫിയുടെ ബന്ധം, ഇയാൾ മുന്പും സമാനമായി രൂപ ഡോളറാക്കുന്നതടക്കമുള്ള ഇടപാട് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷക സംഘം പരിശോധിക്കും. കോൺഗ്രസ് നേതാവിന്റെ കുഴൽപ്പണ ഇടപാടിലൂടെ നേടിയ പണം തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
അതേസമയം, കാർ ആക്രമിച്ച് കുഴൽപ്പണം കവർന്ന പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം കോയന്പത്തൂരിലാണുള്ളത്. പ്രതികളിൽ കുറച്ചുപേർ പീച്ചി പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ളവരാണ്. ഒരാൾ തിരുവനന്തപുരം സ്വദേശിയുമാണ്. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച അറസ്റ്റിലായ സി ബി ശർമയെ കോടതി റിമാൻഡ് ചെയ്‌തു. പ്രതികൾ സഞ്ചരിച്ച കാർ വാടകയ്‌ക്കെടുത്ത ഇയാളാണ് കേസിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ.










0 comments