print edition മാനദണ്ഡം പണം; പൊലീസ് സ്ഥലംമാറ്റം: ലീഗിനെയും വെട്ടി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഡിവൈഎസ്‌പി, അസി.കമീഷണർമാരുടെ സ്ഥലംമാറ്റത്തിൽ യുഡിഎഫിൽ അമർഷം. ലീഗ് അടക്കമുള്ള സംഘടനകൾ നൽകിയ പേരുകൾ വെട്ടിയെന്നാണ് പരാതി. ഇതേ തുടർന്ന് പട്ടികയിൽ വീണ്ടും മാറ്റത്തിന് സാധ്യത. ലക്ഷങ്ങൾ വാങ്ങി 161 ഡിവൈഎസ്‌പി, അസി.കമീഷണർമാരെയാണ് സ്ഥലംമാറ്റിയത്.
ഇൗ പട്ടിക തിരുത്തി മൂന്നുപേരെ വീണ്ടും മാറ്റി നിയമിച്ചിരുന്നു. തലസ്ഥാനം കേന്ദ്രീകരിച്ചാണ് അഴിമതി പട്ടിക തയ്യാറാക്കിയതെന്നാണ് പരാതി. അതോടെ തങ്ങൾ നിർദേശിച്ചവർ പുറന്തള്ളപ്പെട്ടുവെന്നാണ് ലീഗിന്റെ പരാതി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, കൊണ്ടോട്ടി, താനൂർ സബ്‌ഡിവിഷനുകളിൽ ലീഗ് നിർദേശിച്ചവരെ വെട്ടിയാണ് നിയമനം നടത്തിയത്. മന്ത്രിമാർ മുഖേനയാണ് ലീഗ് നേതൃത്വം പേരുകൾ കൈമാറിയത്. എന്നാൽ മൂന്നിടത്തും ലീഗിന് അപ്രിയരെ നിയമിച്ചു.
യുഡിഎഫ് സർക്കാരിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ലീഗിന്റെ പരാതിക്കിടെയാണ് ഡിവൈഎസ്‌പി നിയമനത്തിലെ അവഗണനയും. ഇതിനിടെ, എസ്‌എച്ച്‌ഒ, സിഐ നിയമനത്തിനും ലേലംവിളി ആരംഭിച്ചതായി ആരോപണമുണ്ട്. സംസ്ഥാനത്തെ 400 പൊലീസ് സ്‌റ്റേഷനുകളിൽ ആഗസ്‌ത് ഒന്നുമുതൽ എസ്‌ഐമാർ എസ്‌എച്ച്‌ഒ ആകും.
അതിനാൽ ഇഷ്‌ട സ്‌റ്റേഷനുകൾ ലഭിക്കാൻ വൻതുകയുടെ പിരിവ് തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം 206 സർക്കിളുകളും പുതുതായി വരും. ഇവിടെ സിഐമാരാകാനും വലിയ തുകയ്‌ക്കാണ് ലേലംവിളി. സർക്കിൾ കിട്ടാത്ത ഇൻസ്‌പെക്ടർമാർ അപ്രധാനമായ സ്‌പെഷ്യൽ യൂണിറ്റുകളിലേക്ക് പോകേണ്ടിവരും. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ എല്ലാ മേഖലകളിലും സ്ഥലംമാറ്റത്തിന് വൻ പിരിവാണ് നടക്കുന്നത്. ഇതിനായി ഒരു സംഘംതന്നെ എല്ലാ വകുപ്പുകളിലും പ്രവർത്തിക്കുന്നുണ്ട്.










0 comments