print edition വിവാഹിതയായത് പ്രായപൂർത്തിയായശേഷം; കുപ്രചാരണത്തിന് പിന്നിൽ ഉപദ്രവിക്കാൻ ശ്രമിച്ച സംവിധായകൻ: മൊണാലിസ

വാർത്താസമ്മേളനത്തിനിടെ വിതുമ്പുന്ന മൊണാലിസ ഹോസ്‌ലെ. ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന്‍ സമീപം
കൊച്ചി : കുംഭമേളയിലെ വൈറൽ യുവതി മൊണാലിസ ഹോസ്‌ലെയുടെ ഭര്‍ത്താവ് മുഹമ്മദ് ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇരുവരും രംഗത്ത്. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായശേഷമാണ് വിവാഹമെന്നും പ്രായത്തിന്റെ പേരിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിൽ തന്റെ ആദ്യസിനിമയുടെ സംവിധായകനാണെന്നും മൊണാലിസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമ ചിത്രീകരണത്തിനിടെ തന്റെ സമ്മതമില്ലാതെ അയാൾ മൂന്നുതവണ സ്പർശിക്കാൻ ശ്രമിച്ചിരുന്നു. മാതാപിതാക്കൾ തടസ്സംനിന്നതിനാലാണ് പരാതിപ്പെടാതിരുന്നതെന്നും മൊണാലിസ വെളിപ്പെടുത്തി. ആ സംവിധായകൻ തുടർന്നും കുഴപ്പങ്ങളുണ്ടാക്കാൻ ശ്ര മിക്കുന്നതിനാലാണ് ചില കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്നത്. തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രശ്നങ്ങളെ ഭയന്ന് കേരളത്തിൽത്തന്നെ തുടരാനാണ് തീരുമാനം. ഈ രാജ്യത്ത് ഹിന്ദുവും മുസ്ലിമും സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും ആദ്യസംഭവമല്ലെന്നും എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും മുഹമ്മദ് ഫർമാൻ ഖാന്‍ പറഞ്ഞു. അറസ്റ്റ് തടഞ്ഞ് ഹൈ ക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്നും ഇരുവരും പറഞ്ഞു.










0 comments