മോഹൻലാലിന്റെ ആദ്യചിത്രത്തിലെ നായകൻ; ആശിച്ച വെള്ളിത്തിര കാണാതെ മടക്കം

കെ പി ഗോപകുമാർ (ഇടത്), തിരനോട്ടത്തിൽനിന്നുള്ള രംഗം (വലത്)
തിരുവനന്തപുരം: നടനായി ജീവിക്കണമെന്ന ആഗ്രഹം സഫലമാകാതെ അഡ്വ. കെ പി ഗോപകുമാർ (73) വിടവാങ്ങി. മോഹൻലാൽ ആദ്യമായി അഭിനയിച്ച തിരനോട്ടം സിനിമയിൽ അദ്ദേഹവുമുണ്ടായിരുന്നു. അശോക് കുമാർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് പാച്ചല്ലൂർ ശശി ആയിരുന്നു. രവികുമാർ, രേണുചന്ദ്ര എന്നിവരൊക്കെ ചിത്രത്തിൽ അഭിനയിച്ചിരുന്നു. സ്വന്തം യെസ്‌ഡി ബൈക്കാണ് സിനിമയിൽ ഗോപകുമാർ ഉപയോഗിച്ചിരുന്നത്.
ബികോം പൂർത്തിയാക്കിയ ശേഷമായിരുന്നു തിരനോട്ടത്തിൽ (1978)അഭിനയിച്ചത്. സ്റ്റാച്ച്യുവിലെ ഇന്ത്യൻ കോഫീഹൗസിലെ കൂട്ടായ്‌മയുമായുണ്ടായ പരിചയമാണ് സിനിമയിലേക്ക് വഴിതുറന്നത്. അക്കാലത്ത് മുടവൻമുഗളിലെ വീട്ടിൽനിന്ന് ബസ് കയറി മോഹൻലാൽ പുന്നപുരത്തെ ഇദ്ദേഹത്തിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. തിരനോട്ടത്തിന്റെ പ്രധാന ചിത്രീകരണസ്ഥലം ലാലിന്റെ വീടിന്റെ പരിസരമായിരുന്നു. ഇൗ ചിത്രത്തിനുശേഷം മദ്രാസിലേക്ക് പോയ ഗോപകുമാർ രണ്ട് തമിഴ്‌സിനിമകളിൽ വേഷമിട്ടു. എന്നാൽ, അവ പുറത്തിറങ്ങിയില്ല.
തുടർന്ന് നാട്ടിൽ തിരിച്ചെത്തി രാഷ്‌ട്രീയപ്രവർത്തനത്തിൽ സജീവമായി. പാൽക്കുളങ്ങര വാർഡിൽനിന്ന് ആർഎസ്‌പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് സജീവ രാഷ്‌ട്രീയപ്രവർത്തനം ഉപേക്ഷിച്ചു. ഗൾഫിൽ പ്രമുഖ കന്പനിയുടെ ലീഗൽ അഡ്വസൈറായിരുന്നു. നാട്ടിലെത്തിയ അദ്ദേഹം ജില്ലാകോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരുന്നതിനിടയിലാണ് മരണം.
ഭാര്യ: ഗീത മേനോൻ. മകൾ: രേവതി ജി മേനോൻ. സഹോദരങ്ങൾ: പി എസ് ശുഭ, ജയശ്രീ, പ്രതാപ്, പരേതരായ പത്മജ, മോഹൻകുമാർ.










0 comments