print edition അസി. പ്രൊഫസർ നിയമനത്തിനുള്ള പട്ടിക മരവിപ്പിച്ചു; കുറ്റസമ്മതവുമായി കുന്നുമ്മലിന്റെ പടിയിറക്കം

തിരുവനന്തപുരം : സർവകലാശാലകളെ കാവിവൽക്കരിക്കാൻ ആർഎസ്‌എസിന്റെ ചട്ടുകമായി നിലകൊണ്ട താൽക്കാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് ഒടുവിൽ ക്ഷീണത്തോടെ പടിയിറക്കം. 28ന് കാലാവധി അവസാനിക്കുന്നതോടെ കേരള, ആരോഗ്യ സർവകലാശാലകളുടെ വൈസ് ചാൻസലർ പദവിയിൽ നിന്ന് അദ്ദേഹം മാറും. ഇതിനുമുന്പായി ബുധനാഴ്‌ച ചേർന്ന കേരള സർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ താൽക്കാലിക അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പട്ടിക മരവിപ്പിച്ചു.
സംഘപരിവാറുകാരെയും സ്വന്തക്കാരെയും കുത്തിനിറച്ച പട്ടിക നിയമനാധികാരിയായ സിൻഡിക്കറ്റിനെ ഇരുട്ടിൽ നിർത്തിയായിരുന്നു വിസി പുറത്തുവിട്ടത്. സംവരണമടക്കം അട്ടിമറിക്കപ്പെട്ടെന്ന പരാതിയിൽ നിയമനം നടത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കെയാണ് തിരക്കിട്ട നീക്കം.
കോടതി അലക്ഷ്യ നടപടി ഭയന്നാണ് നടപടി. തെറ്റ് പറ്റിയത് ബോധ്യപ്പെട്ടുവെന്ന് വിസി കുറ്റസമ്മതവും നടത്തി. ഇടത് സിൻഡിക്കേറ്റ് അംഗവും വിദ്യാർഥി പ്രതിനിധിയുമായ എസ് ശ്രീജിത്ത്, മറ്റ് ഉദ്യോഗാർഥികൾ എന്നിവർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹരജികളിലെ ഇടക്കാല ഉത്തരവ് വിസിയുടെ സംഘപരിവാർ പ്രീണനത്തിന് തിരിച്ചടിയായി.
വിസിയുടെ വിടവാങ്ങൽ പ്രസംഗം സെനറ്റിലും സിൻഡിക്കറ്റിലും ഇടതുപക്ഷ അംഗങ്ങൾ ബഹിഷ്‌കരിച്ചു. വ്യാഴാഴ്‌ച കേരള സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന യാത്രയപ്പ് ചടങ്ങും ഇടതു സെനറ്റ്, അക്കാദമിക്ക് കൗൺസിൽ, സിൻഡിക്കറ്റ് അംഗങ്ങൾ ബഹിഷ്‌കരിക്കും. താൽക്കാലിക വൈസ്ചാൻസലർ നടത്തിയ പ്രവർത്തനങ്ങളെല്ലാം രാഷ്ട്രീയപ്രേരിതവും ജനാധിപത്യവിരുദ്ധവുമായിരുന്നു എന്നും അക്കാദമിക രംഗത്ത് ഗുരുതര പ്രതിസന്ധികൾ മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവനയെന്നും ഇടത് സെനറ്റംഗങ്ങളും സിൻഡിക്കറ്റംഗങ്ങളും പ്രസ്താവനയിൽ പറഞ്ഞു.
മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് അനധ്യാപക ജീവനക്കാരെ രാഷ്ട്രീയ പ്രതികാരബുദ്ധിയോടെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റിയതുൾപ്പെടെ സർവകലാശാലയുടെ അക്കാദമിക - ഗവേഷണ - പഠനമേഖലകളെ തകർത്താണ് വിസിയുടെ പടിയിറക്കം.
മോഹനൻ കുന്നുമ്മലിന്റെ യാത്രയയപ്പ് യോഗം ബഹിഷ്‌കരിക്കും: എകെപിസിടിഎ
കേരള സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ യാത്രയയപ്പ് യോഗം ബഹിഷ്‌കരിക്കുമെന്ന് എകെപിസിടിഎ. വ്യാഴാഴ്‌ചത്തെ യോഗത്തിലേക്ക് ക്ഷണം ലഭിച്ച സിൻഡിക്കറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങളുൾപ്പെടെയുള്ളവർ ബഹിഷ്‌കരിക്കും.
സംഘപരിവാർ ഏജന്റായി കേരള സർവകലാശാലയെയും സംസ്ഥാനത്തെ മറ്റ് സർവകലാശാലകളെയും കാവിവൽക്കരിക്കാൻ നേതൃത്വം നൽകിയയാളാണ് മോഹനൻ കുന്നുമ്മൽ. സിൻഡിക്കറ്റ് ഉൾപ്പെടെയുള്ള ജനാധിപത്യവേദികളെ അവഗണിച്ചു.
കേരള സർവകലാശാലയെ നാശത്തിലേക്ക് നയിച്ചൊരാൾ പോകുമ്പോൾ യുഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങൾ യാത്രയയപ്പ് നൽകുന്നത് അവർക്കിടയിലെ ഡീൽ മറനീക്കി പുറത്തുവരുന്നതിന്റെ ചെറിയ ഉദാഹരണംമാത്രമാണ്. ആർ എസ് ശശികുമാർ നേതൃത്വം നൽകുന്ന യുഡിഎഫ് സിൻഡിക്കറ്റിന്റെ യാത്രയയപ്പ് വലത്- സംഘപരിവാർ ഡീലിന്റെ നന്ദി പ്രകടനമാണെന്ന് എകെപിസിടിഎ പ്രസിഡന്റ് ജി സഞ്ജീവ്, ജനറൽ സെക്രട്ടറി എ നിശാന്ത് എന്നിവർ പറഞ്ഞു.








0 comments