print edition സതീശന്റെ സ്വന്തം ലഹരിക്കൂട്ട്; മുഖ്യമന്ത്രി പ്രതിയെ കണ്ടത് 40ലേറെ തവണ

തിരുവനന്തപുരം: എംഡിഎംഎയുമായി കാസർകോട് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാരനാണെന്നതിന് കൂടുതൽ തെളിവുകൾ. നാൽപ്പതിലേറെ തവണ ഇരുവരും പലയിടങ്ങളിൽവച്ച് കണ്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നിലേറെ തവണ നിയമസഭയിലെ ഓഫീസിൽവച്ചും ഹുസൈൻ കൂടിക്കാഴ്‌ച നടത്തി. പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ എംഎൽഎ ഓഫീസിലിരുന്ന് ഹുസൈൻ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിന്റെ ഫോട്ടോ ഇയാൾതന്നെ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
വയനാട്, നിലന്പൂർ ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർഥിയുടെ സോഷ്യൽ മീഡിയ സംഘത്തിലെ പ്രധാനിയായിരുന്നു. സംസ്ഥാനത്തെ പ്രധാന രാസലഹരി വ്യാപാരിയാണ് ഹുസൈനെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടുകളിൽനിന്ന് ലക്ഷങ്ങളാണ് മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരി റിയയുടെ അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് ഹുസൈൻ വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററാണ് എന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ ഇത് മുഖ്യമന്ത്രി നിഷേധിച്ചു. ഹുസൈന്റെ ഒപ്പമുള്ള ഫോട്ടോ പുറത്തുവന്നതോടെ ഇൗ നുണയും പൊളിഞ്ഞു.
കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ഇതുവരെ കസ്‌റ്റഡി അപേക്ഷ നൽകിയിട്ടില്ല. പ്രതിയുടെ രാജ്യാന്തര ബന്ധമടക്കം ലഭിച്ചിട്ടുണ്ട്. എന്നിട്ടും റിമാൻഡിലുള്ളയാളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുക്കാനും പൊലീസ് തയ്യാറാകുന്നില്ല. തുടരന്വേഷണം വേണ്ടെന്നാണ് ഉന്നതങ്ങളിൽനിന്ന് ലഭിച്ച കർശന നിർദേശം.
മയക്കുമരുന്ന് വിൽപനക്കായി ഹുസൈന് ഏജന്റുമാരുടെ വലിയ ശൃംഖല കേരളത്തിലുണ്ട്. എറണാകുളംമുതൽ കാസർകോടുവരെയുള്ള ജില്ലകളിൽ എംഡിഎംഎ വിറ്റിട്ടുണ്ട്. നൈജീരിയൻ മയക്കുമരുന്ന് സംഘത്തിൽനിന്ന് ഗ്രാമിന് 900 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 3000 മുതൽ നാലായിരം രൂപയ്‌ക്കാണ് ഹുസൈൻ വിറ്റിരുന്നത്. ലഭിക്കുന്ന വൻതുകയ്ക്ക് വിദേശ രാജ്യങ്ങളിലടക്കം ആഢംബര ജീവിതമാണ് ഹുസൈൻ നയിച്ചിരുന്നത്.
പിടിച്ചെടുത്തത് 6 ഫോൺ; പരിശോധനയ്‌ക്ക് വിലക്ക്
തിരുവനന്തപുരം: എംഡിഎംഎ കടത്തിയ കേസിൽ കാസർകോട് ചന്തേര പൊലീസിന്റെ പിടിയിലായ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ പ്രതികളിൽനിന്ന് പിടിച്ചെടുത്തത് ആറ് ഫോൺ. ഇതിൽ നാല് സ്മാർട്ട് ഫോണുകളിൽ ഒരെണ്ണം ഐ ഫോൺ ആണ്. രണ്ടെണ്ണം കീ പാഡും.
വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററായ മുഹമ്മദ് ഹുസൈൻ, അബ്‌ദുൾ സലാം എന്നിവരിൽനിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്. മയക്കുമരുന്ന് സംഘവുമായി കൂടുതൽ ബന്ധപ്പെട്ടത് കീ പാഡ് ഫോൺ വഴിയാണെന്നാണ് വിവരം. ഇതിന്റെ നന്പർ സ്വകാര്യമായി വച്ചിരിക്കുകയായിരുന്നു. ഹുസൈനിൽനിന്നാണ് ഐ ഫോൺ കണ്ടെടുത്തത്.
ഇതിൽ നിർണായക രേഖകളുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പിടിയിലായ ദിവസം തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ആരെയെല്ലാം വിളിച്ചു എന്ന് ഫോൺ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ കോളുകളുടെയും മെസേജുകളുടെയും ഡിജിറ്റൽ വിവരങ്ങൾ (സിഡിആർ) പരിശോധിക്കേണ്ടെന്നാണ് ഉന്നതാധികാരികളുടെ നിർദേശം.
ഹുസൈൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ പല ഉന്നതരും കുടുങ്ങുമെന്ന ഭയത്തിലാണിത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കെഎൽ 40 ഡബ്ല്യു 6051 നന്പർ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇൗ കാർ സംബന്ധിച്ച കൂടുതൽ വിവരവും അന്വേഷിച്ചിട്ടില്ല. ഇൗ കാറിലാണ് പറവൂരിലെ എംഎൽഎ ഓഫീസിലടക്കം ഹുസൈൻ എത്തിയതെന്നാണ് സൂചന.










0 comments