ad
Deshabhimani

ഇന്ന് ലോക വാർത്താ ദിനം

ചോദ്യങ്ങളെ ഭയക്കുന്ന അധികാരികളും ചുരുങ്ങുന്ന മാധ്യമ ഇടങ്ങളും

media ban vd modi
avatar
ഹർഷി​ദ ബത്താലി

Published on Sep 28, 2026, 01:03 PM | 2 min read

"എന്തുകൊണ്ട്?", "ആർക്കു വേണ്ടി?", "ആരാണ് ഉത്തരവാദി?" ജനാധിപത്യത്തിൽ മാധ്യമങ്ങൾ അധികാരത്തോട് ചോദിക്കേണ്ട അടിസ്ഥാന ചോദ്യങ്ങളാണിവ.


എന്നാൽ അധികാരത്തിന്റെ കസേരയിൽ ഇരിക്കുമ്പോൾ ഇതേ ചോദ്യങ്ങൾ പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നു. ചോദ്യങ്ങളെ നേരിടുന്നതിന് പകരം ചോദ്യങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സമീപനം അധികാരത്തിന്റെ പതിവ് രീതിയായി മാറുകയാണ്. ചോദ്യങ്ങളെ ഭയപ്പെടുന്ന അധികാരവർഗത്തിന്റെ നഗ്നമായ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്.


ലോക വാർത്താദിനത്തിൽ രാജ്യത്തിന്റെയും കേരളത്തിന്റെയും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ, ഉയരുന്ന പ്രധാന ചോദ്യം ഇതാണ് - അധികാരങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾക്ക് ഇന്ന് എത്രമാത്രം സ്വാതന്ത്ര്യമുണ്ട്?.


കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലിരിക്കുന്നവർ മാധ്യമങ്ങളെ അകറ്റിനിർത്താൻ കാണിക്കുന്ന രീതികളിലെ സമാനതകൾ ഏറെയാണ്. 12 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ വാർത്താസമ്മേളനം നടത്താൻ തയ്യാറായിട്ടില്ല. സ്ക്രിപ്റ്റ് ചെയ്ത പ്രസംഗങ്ങളും, അനുകൂലമായ അഭിമുഖങ്ങളുമല്ലാതെ തുറന്ന ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി നൽകാൻ അദ്ദേഹം ഭയപ്പെടുന്നു. വിദേശ സന്ദർശനങ്ങളിൽ പോലും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ മറുപടി പറയാതെ ഒളിച്ചോടിയ പ്രധാനമന്ത്രിയാണ് നമ്മുടേത്. യുഎസ് സന്ദർശനത്തിനിടെ ചോദ്യമുയർത്തിയ മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടതും, നോർവേയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മുന്നിൽ മുഖം തിരിച്ച് വേദിവിട്ടതും ലോകം കണ്ടതാണ്.


കേരളത്തിലേക്ക് വന്നാൽ, മുഖ്യമന്ത്രി വി ഡി സതീശനും അതേ രീതി തന്നെയാണ് പിന്തുടരുന്നത്. ആദ്യം കാണിച്ച സൗമ്യതയോ സ്നേഹമോ നാലാം മാസം സതീശന് നഷ്ടപ്പെട്ടിരിക്കുന്നു. "അധികാരത്തിൽ വന്നതിന് ശേഷം, ആദ്യം ഞാൻ നിങ്ങളുടെ അടുത്തേക്കാണ് ഓടിയെത്തുക, എന്നോട് എന്ത് വേണമെങ്കിലും ചോദിക്കാം, നിങ്ങൾ വിമർശിച്ചാലേ എനിക്ക് തെറ്റുകൾ തിരുത്താൻ സാധിക്കൂ, എന്ത് വിശേഷമുണ്ടെങ്കിലും ആദ്യം നിങ്ങളോടാണ് പറയുക" എന്നൊക്കെ വാചകമടിച്ച ആളാണ് സതീശൻ. കസേരയുറച്ച് മാസം മൂന്ന് കഴിഞ്ഞപ്പോഴേക്കും ആ വാഗ്ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി.


ഇന്ന് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം അസ്വസ്ഥനാകുന്നു, മാധ്യമപ്രവർത്തകർക്ക് മുന്നിൽ ക്ഷുഭിതനാകുന്നു. പൊട്ടിത്തെറിക്കുന്നു. ജനങ്ങൾക്ക് അറിയേണ്ട വിഷയങ്ങളിൽ വസ്തുതാപരമായ വാർത്തകൾ പുറത്തുവരുമ്പോൾ അസഹിഷ്ണുത കാണിക്കുന്ന സതീശൻ, മാധ്യമങ്ങളോട് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കരുത് എന്നാണ് തിട്ടൂരം.


ചോദ്യങ്ങളോട് മറുപടി പറയാതെ ദേഷ്യപ്പെടുക മാത്രമല്ല, പൊലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ അകറ്റിനിർത്താനും വേലികെട്ടാനുമാണ് ഇപ്പോൾ ശ്രമം. മുഖ്യമന്ത്രിയുടെ പരിപാടികളിൽ സുരക്ഷയുടെ പേരുപറഞ്ഞ് മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്താൻ പൊലീസ് സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ ഉയരുന്ന സ്വാഭാവികമായ വിമർശന പോസ്റ്റുകൾ പോലും അധികാര സ്വാധീനം ഉപയോഗിച്ച് 'മെറ്റ'യെ കൊണ്ട് നീക്കം ചെയ്യിക്കാനും, പോസ്റ്റിടുന്നവർക്കെതിരെ അതിവേഗം കേസെടുപ്പിക്കാനുമാണ് മോദിയും സതീശനും മുതിരുന്നത്.


സാമൂഹ്യമാധ്യമങ്ങൾ‌‌‌ ഇത്രയധികം ശക്തമായ കാലത്ത്, എല്ലാവരും 'സിറ്റിസൺ ജേണലിസ്റ്റുകൾ' ആയി മാറുന്ന ഈ കാലഘട്ടത്തിൽ ചില മാധ്യമങ്ങളെ വിലക്കെടുത്ത് കീഴ്പ്പെടുത്തി നിർത്താമെന്ന കണക്കുകൂട്ടൽ തിരിച്ചടിക്കുകതന്നെ ചെയ്യും. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് കാണിച്ച അതേ അധികാരഗർവിന്റെ മറ്റൊരു മുഖമാണ് ഇന്ന് മോദിയും വി ഡി സതീശനുമെല്ലാം നടപ്പാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഈ വേലിക്കെട്ടുകളൊന്നും വിജയിക്കാൻ പോകുന്നില്ല.


അധികാരികൾ പറയുന്നത് ഏറ്റുപാടലല്ല മാധ്യമങ്ങളുടെ ജോലി. അവരോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുകയും മറുപടി തേടലുമാണ്. പൊലീസ് വേലികെട്ടി അകറ്റിനിർത്തിയതുകൊണ്ടോ, കേസുകളെടുത്ത് വായടപ്പിക്കാൻ നോക്കിയതുകൊണ്ടോ ജനങ്ങളുടെ ചോദ്യങ്ങൾ നിലയ്ക്കില്ല.


ഇന്ന് ലോക വാർത്താ ദിനം. വാർത്ത പറയാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കാനുള്ള സ്വാതന്ത്ര്യവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home