print edition മോദിവഴിയിൽ സതീശൻ; ക്ഷേമപെൻഷൻ വീട്ടിലെത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ ബാങ്കുകളെ യുഡിഎഫ് സർക്കാർ ഒഴിവാക്കി. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കൽപ്പനകൾ പിൻപറ്റി ഇനി ‘ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ’ (ഡിബിടി ) വഴി ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും പെൻഷൻ വിതരണം. സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡുകളാണ് പെൻഷൻ വിതരണം ചെയ്യേണ്ടതെന്നും ബുധനാഴ്‌ച ഇറങ്ങിയ ഉത്തരവിൽ പറയുന്നു.
കിടപ്പുരോഗികൾക്ക് മാത്രം പെൻഷൻ വീട്ടിലെത്തിക്കും. വയോജനങ്ങളും അവശരുമായ ലക്ഷക്കണക്കിനാളുകൾക്ക് എൽഡിഎഫ് ഭരണത്തിൽ സഹകരണബാങ്കുകൾ വഴി ക്ഷേമപെൻഷനുകൾ കൃത്യമായി വീട്ടിലെത്തിച്ചിരുന്നു. ഇതാണിപ്പോൾ മോദി സർക്കാർ പറയുന്നിടത്തെല്ലാം ഒപ്പിടുന്ന യുഡിഎ-ഫ് സർക്കാർ അട്ടിമറിക്കുന്നത്.
ആധാർ ലിങ്ക് ചെയ്യാത്തതിനാൽ അർഹർക്ക് പെൻഷൻ ലഭിക്കുന്നില്ല, ഇരട്ടിപ്പുകൾ കൂടുന്നു, ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം കിട്ടുന്നില്ല, സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവായി നൽകേണ്ട അധിക ചെലവ് തുടങ്ങിയ ന്യായംപറഞ്ഞാണ് അട്ടിമറി. വിതരണംചെയ്യാത്ത തുക തിരിച്ചടയ്‌ക്കുന്നതിൽ സഹ. സംഘങ്ങൾ താമസം വരുത്തുന്നുവെന്ന വിചിത്രവാദവും ഉയർത്തുന്നു.
കേന്ദ്രം എന്ത് തീരുമാനിച്ചാലും എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷവും പെൻഷൻ വിതരണത്തിലോ കൊടുക്കുന്ന സമയത്തിലോ മാറ്റം വരുത്തിയില്ല. നിബന്ധനകൾക്ക് വിധേയമായി എട്ട് ലക്ഷത്തോളം പേർക്ക് 200 മുതൽ 500 രൂപവരെയാണ് കേന്ദ്ര വിഹിതം. ഇൗ തുകയും സംസ്ഥാനംതന്നെയാണ് മുൻകൂറായി ഗുണഭോക്താക്കളിലെത്തിച്ചത്.
പെൻഷൻ വീട്ടിലെത്തിക്കുന്നത് പ്രായമായവർക്ക് വലിയ ആശ്വാസമായിരുന്നു. ഒരുമാസം മുടങ്ങിയാലോ വൈകിയാലോ നേരിട്ട് അന്വേഷിക്കാനുള്ള സംവിധാനംകൂടിയായിരുന്നു സഹകരണ ബാങ്കുകൾ. വിതരണത്തിന് കലക്ഷൻ ഏജന്റുമാർക്ക് 25 രൂപ ഇൻസെന്റീവ് നൽകിയിരുന്നു. പതിനായിരത്തോളം കലക്ഷൻ ഏജന്റുമാരുടെ ഉപജീവനമാർഗംകൂടിയാണ് ഇല്ലാതാക്കുന്നത്.
ക്ഷേമ നടപടികളോട് എക്കാലത്തും നിഷേധാത്മക സമീപനമാണ് യുഡിഎഫ് സർക്കാരുകൾ സ്വീകരിച്ചത്. 18 മാസത്തെ പെൻഷൻ കുടിശ്ശികയിട്ടാണ് ഉമ്മൻചാണ്ടി സർക്കാർ ഭരണം വിട്ടത്.
ഇനി തങ്ങളുടെ ഏക ആശ്രയത്തിന്റെ കടയ്‌ക്കലും യുഡിഎഫ് സർക്കാർ കത്തിവയ്‌ക്കുമെന്ന ഭയപ്പാടിലാണ് പെൻഷൻ ഗുണഭോക്താക്കൾ.










0 comments