ad
Deshabhimani

ഇ‍ൗ സാമ്പത്തിക വർഷം ഇനി കടമെടുക്കാനാകുക 6572 കോടിമാത്രം

print edition കേന്ദ്രദ്രോഹം ; വായ്‌പപരിധിയിൽനിന്ന്‌ 
5944 കോടി വെട്ടിക്കുറച്ചു

modi government
വെബ് ഡെസ്ക്

Published on Dec 19, 2025, 03:03 AM | 2 min read


തിരുവനന്തപുരം

കേന്ദ്രസർക്കാർ സാന്പത്തികമായി ഞെരുക്കുന്പോഴും വികസന–ക്ഷേമ പദ്ധതികളുമായി മുന്നേറുന്ന കേരളത്തെ ശ്വാസം മുട്ടിക്കാൻ വീണ്ടും കടുംവെട്ട്‌. സംസ്ഥാനത്തിന്‌ വായ്‌പയെടുക്കാവുന്ന തുകയിൽനിന്ന്‌ 5944 കോടി രൂപകൂടി വെട്ടിക്കുറച്ചാണ്‌ ഇത്തവണ കേന്ദ്രം കേരളത്തിന്റെ കഴുത്തുഞെരിക്കുന്നത്‌. ഇതിനുപുറമേ തൊഴിലുറപ്പ്‌ പദ്ധതിയിലേക്ക്‌ 2000 കോടി രൂപ അധികം കണ്ടെത്തേണ്ട ബാധ്യതയും അടിച്ചേൽപ്പിച്ചു.


പുതിയ ബജറ്റ്‌ തയ്യാറാക്കാൻ സംസ്ഥാന ധനവകുപ്പ്‌ ചർച്ചതുടങ്ങിയിരിക്കെയാണ്‌ നടപ്പുസാമ്പത്തികവർഷത്തെ വരുമാനത്തെ ബാധിക്കുന്ന വെട്ടിക്കുറയ്‌ക്കൽ. ക്ഷേമപെൻഷൻ വർധിപ്പിച്ചും സ്‌ത്രീ സുരക്ഷാ പെൻഷനും യുവജനങ്ങൾക്ക്‌ കണക്‌റ്റ്‌ ടു വർക്ക്‌ പദ്ധതിയിൽ ധനസഹായം ഏർപ്പെടുത്തിയുമുള്ള ക്ഷേമനടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. 
 63 ലക്ഷം പേർക്ക്‌ ഇനിയുള്ള മൂന്നുമാസം ക്ഷേമപെൻഷൻ നൽകാൻ 3135 കോടി രൂപ വേണം. കരാറുകാർക്കുൾപ്പെടെയുള്ള ബില്ലുകൾ മാറാൻ 20,000 കോടിയും ശമ്പളവും പെൻഷനും നൽകാൻ 15,000 കോടിയും വേണ്ടിവരും.


സാമ്പത്തികവർഷത്തെ അവസാന പാദത്തിൽ 12,516 കോടി രൂപയായിരുന്നു കടമെടുക്കാൻ അനുമതിയുണ്ടായിരുന്നത്‌. ഇതിൽനിന്നാണ്‌ 5944 കോടി വെട്ടിക്കുറച്ചത്‌. 
 കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവയ്‌ക്ക്‌ അധികം വായ്‌പയെടുത്തു എന്ന പേരിലാണ്‌ അപ്രതീക്ഷിത കടുംവെട്ട്‌. 6572 കോടി രൂപമാത്രമാണ്‌ ഇ‍ൗ സാമ്പത്തിക വർഷം ഇനി കടമെടുക്കാനാവുക. സംസ്ഥാനത്തെ ശ്വാസം മുട്ടിച്ച്‌ വികസനക്ഷേമപ്രവർത്തനങ്ങൾ താളംതെറ്റിക്കുകയെന്ന കേന്ദ്രനയം മറികടക്കാൻ വഴി തേടുകയാണ്‌ സംസ്ഥാന സർക്കാർ.


കേന്ദ്രത്തിന്‌ ഇരട്ടത്താപ്പ്‌

ദേശീയപാത അതോറിറ്റി (എൻഎച്ച്‌എഐ)യുടെ ചെലവുകൾക്കായി കേന്ദ്രസർക്കാർ പണം കണ്ടെത്തുന്നത്‌ ബജറ്റിന്‌ പുറത്തുനിന്നാണ്‌. ഇതിലേക്കുള്ള വായ്‌പകൾ കേന്ദ്രസർക്കാരിന്റെ വായ്‌പാ പരിധിക്ക്‌ പുറത്താണ്‌. എൻഎച്ച്‌എഐയുടെ മാതൃകയിൽ റിസർവ്‌ ബാങ്ക്‌ നിബന്ധനകൾ പ്രകാരമാണ്‌ കിഫ്‌ബി വായ്‌പയും. 
 എന്നാൽ ഇതിനെ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തിയാണ്‌ കേരളത്തോടുള്ള ദ്രോഹം. ഇതിലൂടെ 4730 കോടി രൂപയാണ്‌ ഇ‍ൗ വർഷം വെട്ടിക്കുറച്ചത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്‌ ഗ്യാരണ്ടിക്കായി അഞ്ച്‌ ശതമാനം പ്രത്യേക ഫണ്ട്‌ (ഗ്യാരണ്ടി റിഡക്‌ഷൻ ഫണ്ട്‌) നീക്കിവയ്‌ക്കണമെന്നത്‌ പുതിയ നിർദേശമായിരുന്നു.


ഇല്ലെങ്കിൽ വായ്‌പാപരിധിയിൽ അത്രയും തുക കുറയ്‌ക്കും. 
 രണ്ടര ശതമാനം ഇ‍ൗ വർഷം തന്നെ മാറ്റിവയ്‌ക്കണമായിരുന്നു. അര ശതമാനം വീതം അഞ്ചുവർഷംകൊണ്ട്‌ നീക്കിവയ്‌ക്കാം എന്ന നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. 3300 കോടി രൂപ ഇ‍ൗ ഇനത്തിൽ കുറച്ചു. കേന്ദ്രം പിടിച്ചുവച്ച തുകയിൽനിന്ന്‌ 1822 കോടി കഴിഞ്ഞവർഷം സംസ്ഥാനം സുപ്രീംകോടതിയിൽ പോയതിനാൽ ലഭിച്ചിരുന്നു. ഇ‍ൗ വർഷം ആ തുകയും പിടിച്ചു. ഇതുൾപ്പെടെ 17,000 കോടി രൂപയാണ്‌ ഇ‍ൗ വർഷം മാത്രം കേന്ദ്രം വെട്ടിക്കുറച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home