print edition ഒമ്പത് ദിവസത്തെ അജ്ഞാതവാസം; കളത്തിൽവീട്ടിലേക്ക് തിരികെയെത്തി "മിട്ടു'

തിരികെയെത്തിയ 'മിട്ടു' ബോൺസി സെബാസ്‌റ്റ്യൻ, മകൻ റിനോയ് സെബാസ്‌റ്റ്യൻ , മരുമകൾ ആൻ ഏഞ്ചൽ എന്നിവർക്കൊപ്പം
ആർ ഹേമലത
Published on May 10, 2026, 12:39 AM | 1 min read
കൊച്ചി: ‘റിനോയ് ജിമ്മിൽ പോയോ?’ കച്ചേരിപ്പടിയിലെ കളത്തിൽ വീട്ടിൽ മിട്ടുവിന്റെ സ്‌നേഹാന്വേഷണം ഉയർന്നപ്പോൾ വീട്ടുകാർക്ക് അതിരില്ലാത്ത സന്തോഷം. കാണാതായ വളർത്തുതത്ത (ആഫ്രിക്കൻ ഗ്രേ പാരറ്റ്) "മിട്ടു'വിനെ വീട്ടുകാർക്ക് തിരിച്ചുകിട്ടിയത് ഒന്പതുദിവസം കഴിഞ്ഞ് ഇടപ്പള്ളിയിലെ പെറ്റ് ഷോപ്പിൽനിന്ന്. 15000 രൂപയിലധികം ചെലവിട്ട് മിട്ടുവിനെ കണ്ടെത്താൻ പരസ്യവും നൽകിയിരുന്നു ഉടമ റിനോയ് സെബാസ്‌റ്റ്യനും കുടുംബവും.
രണ്ടുവർഷംമുന്പാണ് റിനോയ്‌ക്ക് മിട്ടുവിനെ കിട്ടുന്നത്. അന്നുമുതൽ ചെറിയ കുഞ്ഞുങ്ങളെപ്പോലെയാണ് പരിപാലിക്കുന്നത്. ‘രാത്രിയിൽ രണ്ടുതവണ തീറ്റ നൽകണം, തൂവലുകൾ ചീകിക്കൊടുക്കണം. നമ്മൾ പറയുന്നതെല്ലാം വേഗം പഠിച്ചെടുക്കും'– റിനോയ് പറഞ്ഞു. അധ്യാപികയായിരുന്ന അമ്മ ബോൺസി സെബാസ്‌റ്റ്യനുമായാണ് കൂടുതൽ അടുപ്പം. മകനും മരുമകൾ ആൻ എയ്‌ഞ്ചലും പുറത്തുപോയാൽ മിട്ടുവാണ് ബോൺസിക്ക് കൂട്ട്.
ഏപ്രിൽ 27ന് മിട്ടുവിന്റെ കൂട് തുറന്നത് ബോൺസിയാണ്. വീടിന്റെ വാതിൽ തുറന്നുകിടന്നതിലൂടെ മിട്ടു പറന്നുപോയി. പിന്നെ കണ്ടില്ല. വീട്ടിലെ ഭക്ഷണം മാത്രമേ മിട്ടു കഴിച്ചിട്ടുള്ളു. പുറത്ത് നിലനിൽക്കാൻ ബുദ്ധിമുട്ടാകുമെന്ന് അറിയാമായിരുന്നു. പോസ്‌റ്ററുകൾ തയ്യാറാക്കി നാട്ടിലെല്ലാം ഒട്ടിച്ചു. പത്രപരസ്യവും നൽകി.
പരിസരത്ത് ഡ്രോൺ പറത്തിയും പരിശോധിച്ചു. 15,000 രൂപയിലധികം ചെലവിട്ടു. ഒന്പതുദിവസം കഴിഞ്ഞ് ബുധനാഴ്‌ച ഇടപ്പള്ളിയിലെ ‘പെറ്റ്‌സ് ഇൻ ദ സിറ്റി’ എന്ന ഷോപ്പിൽനിന്ന് ഉടമ അർഹാമിന്റെ ഫോൺ വന്നു. ചേരാനല്ലൂരിൽനിന്ന് ഫെബിൻ എന്നയാളാണ് മിട്ടുവിനെ പെറ്റ് ഷോപ്പിൽ എത്തിച്ചത്. കാലിലെ മോതിരത്തിൽനിന്നാണ് നന്പർ ലഭിച്ചത്. എടുക്കാൻ ചെന്നപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ മിട്ടു കൂടെപ്പോരുകയും ചെയ്തു.










0 comments