മിഷന്‍ ബോണറ്റ് മക്കാക്ക് ; നാടന്‍ കുരങ്ങുകളുടെ ശല്യംകുറയ്ക്കാന്‍ വന്ധ്യംകരണ ശസ്ത്രക്രിയ

ജിബിന സാഗരന്‍
Published on Sep 07, 2025, 01:30 AM | 1 min read
തൃശൂര്‍
നാടന്‍ കുരങ്ങുകളുടെ (ബോണറ്റ് മക്കാക്ക്) ശല്യം കുറയ്ക്കാന്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനുള്ള നീക്കവുമായി വനംവകുപ്പ്. മിഷന്‍ ബോണറ്റ് മക്കാക്ക് എന്ന പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കാനൊരുങ്ങുന്നത്. ‘മനുഷ്യ– വന്യജീവി സംഘര്‍ഷ ലഘൂകരണവും നിവാരണവും’ നയസമീപനരേഖ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുത്ത ചില മേഖലകളിലെ കുരങ്ങ് സംഘത്തെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശസ്ത്രക്രിയയ്ക്കുശേഷം മുറിവ് സുഖപ്പെടുംവരെ സംരക്ഷിത കേന്ദ്രത്തില്‍ കുരുങ്ങുകളെ പരിചരിക്കും.
ഇതിനുശേഷം കൂട്ടത്തിലേക്ക് തിരിച്ചുവിടും. കേരളത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വന്യജീവിയാണ് നാടന്‍ കുരങ്ങുകള്‍. ഏറ്റവും കൂടുതലുള്ള കാട്ടുപന്നിയെ, ഉപദ്രവകാരിയാകുമ്പോള്‍ കൊല്ലാന്‍ അനുമതിയുണ്ട്. എന്നാല്‍, വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഉപദ്രവകാരികളാവുമ്പോഴും കുരുങ്ങുകളെ കൊല്ലാന്‍ അനുമതിയില്ല. ഇക്കാരണത്താലാണ് ശാസ്ത്രീയവും മൃഗസ്നേഹപരവുമായ സമീപനമായി വന്ധ്യംകരണ ശസ്ത്രക്രിയ തെരഞ്ഞെടുത്തത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മിഷന്‍ ബോണറ്റ് മക്കാക്ക് പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കും.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും കടുത്ത ശല്യമാണ് നാടന്‍ കുരങ്ങുകളുണ്ടാക്കുന്നത്. തെങ്ങ്, പച്ചക്കറികൃഷി ഉള്‍പ്പെടെയുള്ളവയ്‌ക്ക് നാശമുണ്ടാക്കുന്നതാണ് പ്രധാന ഭീഷണി. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, തീരദേശ മേഖലകള്‍, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവയുടെ സജീവ സാന്നിധ്യമുണ്ട്.
നാടന്‍ കുരങ്ങുകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പ്രാദേശിക പ്രത്യേകതകള്‍ക്കനുസരിച്ച് പരിഹരിക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളുന്ന പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ മെയ് 28ന് വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്‍പ്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്.









0 comments