ad
Deshabhimani

print edition തമിഴ്‌നാട്ടിൽ കാണാതായ വനിതാ ഡോക്ടറെ 
കൊച്ചിയിൽ കണ്ടെത്തി

MISSING 2
വെബ് ഡെസ്ക്

Published on Feb 07, 2026, 12:08 AM | 1 min read


കൊച്ചി

മൂന്നുമാസത്തിലേറെയായി തമിഴ്‌നാട്ടിൽനിന്ന്‌ കാണാതായ വനിതാ ഡോക്ടറെ കൊച്ചി സിറ്റി വനിതാ പൊലീസ് കണ്ടെത്തി. നാഗര്‍കോവില്‍ സ്വദേശിനി ഡോ. ശ്രീവിദ്യയെ (39)യാണ്‌ വനിതാ പൊലീസ്‌ സ്‌റ്റേഷൻ എസ്‌ഐ സിബി കെ ദാസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്‌. വ്യാഴം വൈകിട്ടോടെ ശ്രീവിദ്യയെ മാതാപിതാക്കള്‍ക്ക് കൈമാറി. തമിഴ്‌നാട് പൊലീസ്‌ തമിഴ്‌നാട്ടിലും കേരളത്തിലെത്തിയും അന്വേഷിച്ചിട്ട്‌ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


ഫെബ്രുവരി ഒന്നിന് രാത്രി 10ന്‌ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് പട്രോളിങ്‌ സംഘം കണ്ടു. കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഇവരെ വനിതാ പൊലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചു. സ്വന്തം പേരും താമസിച്ചിരുന്ന പേയിങ്‌ ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമെ ഇവര്‍ക്ക് ഓര്‍മയുണ്ടായിരുന്നുള്ളൂ. ഇതോടെ യുവതിയെ കാക്കനാട്‌ സ്‌നേഹിതയില്‍ പ്രവേശിപ്പിച്ചു. എഎസ്‌ഐ ശര്‍മിളയുടെ മേല്‍നോട്ടത്തില്‍ സിപിഒമാരായ അമൃത, വീണ എന്നിവര്‍ നടത്തിയ അന്വേഷണത്തിൽ യുവതി താമസിച്ചിരുന്ന സൗത്ത് ജനതാ റോഡിലെ പേയിങ്‌ ഗസ്റ്റ് സ്ഥാപനം കണ്ടെത്തി. അവിടെ പരിശോധിച്ചപ്പോള്‍ ബാഗും ഐഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും ലഭിച്ചു. സിറ്റി പൊലീസ് കമീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം സൈബര്‍ സെൽ ഐ ഫോണിന്റെ ലോക്ക് തുറന്ന്‌ അതിലുണ്ടായിരുന്ന ഒരു ഫോൺനന്പറിൽ ബന്ധപ്പെട്ടു. യുവതിയുടെ മുന്‍ ഭര്‍ത്താവായിരുന്നു അങ്ങേ തലയ്‌ക്കൽ. മനശ്ശാസ്‌ത്രവിദഗ്‌ധനായ താനും ഡോക്ടറായ ഭാര്യയും പിരിഞ്ഞുതാമസിക്കുകയാണെന്ന് അറിയിച്ചു. വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ നമ്പറും കൈമാറി.


അതില്‍ ബന്ധപ്പെട്ടപ്പോഴാണ് മൂന്നു മാസംമുമ്പ് നാഗര്‍കോവില്‍ പൊലീസ്‌ ഡോ. ശ്രീവിദ്യയുടെ തിരോധാനത്തിൽ കേസെടുത്തതായി അറിഞ്ഞത്. കൊച്ചി സിറ്റി പൊലീസ്‌ വിവരം കൈമാറിയതോടെ തമിഴ്‌നാട് പൊലീസിനൊപ്പം വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ വനിതാ സ്‌റ്റേഷനിലെത്തി മകളുമായി നാട്ടിലേക്ക് മടങ്ങി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home