print edition കോൺഗ്രസ് ഫണ്ടിന് പ്രത്യുപകാരം; ‘മിന്നൽ മാജിക് ’ നിർത്തുന്നത് കർണാടക മദ്യലോബിക്കായി

പ്രതീകാത്മക ചിത്രം
വേണു കെ ആലത്തൂർ
Published on May 28, 2026, 12:00 AM | 2 min read
പാലക്കാട്: എൽഡിഎഫ് സർക്കാർ പൊതുമേഖലയിൽ ആരംഭിച്ച മദ്യനിർമാണ യൂണിറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കം കർണാടകയിലെ സ്‌പിരിറ്റ് – മദ്യലോബിയെ സഹായിക്കാൻ. ആന്റണി സർക്കാർ പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറി പുനരുജ്ജീവിപ്പിച്ചാണ് ‘മിന്നൽ മാജിക്’ എന്ന പേരിൽ വിലകുറഞ്ഞ മദ്യം വിപണിയിലിറക്കാൻ ബിവറേജസ് കോർപ്പറേഷനുകീഴിൽ മലബാർ ഡിസ്‌റ്റിലറീസ് ആരംഭിച്ചത്.
ജൂണിൽ മദ്യം വിപണിയിലെത്താനിരിക്കെയാണ് താൽക്കാലിക തൊഴിലാളികളുടെ പട്ടികയിൽ പരാതിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഉൽപ്പാദനം നിർത്തുന്നത്. വിലകുറഞ്ഞ മദ്യം വിപണിയിലെത്താതിരിക്കാൻ കർണാടക ലോബി യുഡിഎഫ് സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. സർക്കാർ മദ്യം അരലിറ്ററിന് 400 രൂപയാണ് വില. ഇതേ നിലവാരമുള്ള കർണാടക മദ്യത്തിന് 500 മുതൽ 600 രൂപവരെയാണ് വില.
കേരളത്തിന് ആവശ്യമായി വരുന്ന മദ്യത്തിന്റെ 40 ശതമാനം കർണാടകയിൽനിന്നാണ് എത്തിക്കുന്നത്. കേരളത്തിലെ 23 വിദേശമദ്യ നിർമാണശാലകളിൽ നിന്നുള്ള ബ്രാന്റുകൾ ഉൾപ്പെടെ 600 ഇനങ്ങളാണ് കേരള സ്‌റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മുഖേന വിതരണം ചെയ്യുന്നത്. ഒരു വർഷം 19,000 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽക്കുന്നത്. ഇതിൽ 7000 കോടിയോളം രൂപയുടെ മദ്യം എത്തുന്നത് കർണാടകത്തിൽനിന്നാണ്. ഇതിന് പുറമെ ഏഴുമുതൽ പത്ത് കോടി ലിറ്റർ സ്‌പിരിറ്റും കേരളത്തിൽ എത്തുന്നു. ഇതിലെ 60 ശതമാനവും കർണാടകത്തിൽനിന്നാണ്.
കർണാടകത്തിലെ മദ്യ– സ്‌പിരിറ്റ് ലോബികൾ കോടികളാണ് തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ കോൺഗ്രസിന് സംഭാവന നൽകിയത്. കർണാടക സ്‌പരിറ്റ് ലോബിയുടെ പ്രധാന ആവശ്യങ്ങളായിരുന്നു സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വിലകുറഞ്ഞ മദ്യ ഉൽപ്പാദനം നിർത്തലാക്കുക, എലപ്പുള്ളിയിൽ ആരംഭിക്കാനിരിക്കുന്ന എഥനോൾ ഫാക്ടറിയുടെ അനുമതി റദ്ദാക്കുക എന്നിവ. എലപ്പുള്ളിയിലെ എഥനോൾ ഫാക്ടറി പ്രവർത്തനം തുടങ്ങിയാൽ കർണാടകയിൽനിന്നുള്ള സ്‌പിരിറ്റ് ഇറക്കുമതി കുറയും. വിലകുറഞ്ഞ മദ്യം കേരളത്തിൽ സുലഭമായാൽ കർണാടക മദ്യത്തിന്റെ ആവശ്യം കുറയും. അവരുടെ സമ്മർദത്തിന് വഴങ്ങിയാണ് എലപ്പുള്ളിയിലെ എഥനോൾ ഫാക്ടറിക്കെതിരെ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോൺഗ്രസ് സമരത്തിനിറങ്ങിയത്.
ആന്റണി സർക്കാർ ചാരായം നിരോധിച്ചപ്പോഴാണ് ചിറ്റൂർ ഷുഗർ ഫാക്ടറി പൂട്ടിയത്. അഞ്ഞൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. യുഡിഎഫ് പൂട്ടിയ പൊതുമേഖല സ്ഥാപനം പുനരുജ്ജീവിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ വിദേശ മദ്യ നിർമാണ യൂണിറ്റ് ആരംഭിച്ചത്.










0 comments