പ്രൊഫഷണൽ കോഴ്സ് മേൽനോട്ട സമിതി നിയമനത്തിൽ അതൃപ്തി; തമ്മിലടിച്ച് റോജിയും മുരളീധരനും

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ (ഇടത്), ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം ജോൺ (വലത്)
തിരുവനന്തപുരം: പ്രൊഫഷണൽ മേൽനോട്ട സമിതി നിയമനത്തിൽ പരസ്യമായി തമ്മിലടിച്ച് മന്ത്രിമാരായ റോജി എം ജോണും കെ മുരളീധരനും. പൊഫഷണൽ കോഴ്സ് പ്രവേശനവും ഫീസ് നിർണയവും നടത്തുന്ന സമിതിയെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദേശത്തിൽ നിയമിച്ചത്.
എന്നാൽ ഇത് ആരോഗ്യവകുപ്പിനോട് ആലോചിക്കാതെയാണെന്നാരോപിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ രംഗത്തെത്തി. നിലവിൽ നിയോഗിച്ച സമിതിയെ റദ്ദാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യേകസമിതിയെ നിയമിക്കുമെന്നും മുരളീധരൻ തുറന്നടിച്ചു.
മുൻ ഉപലോകായുക്ത ജസ്റ്റിസ് കെപി ബാലചന്ദ്രനെയാണ് സമിതിയുടെ അധ്യക്ഷനായി നിയമിച്ചത്. സ്വാശ്രയമേഖലയിൽ കൂടുതൽ മേൽക്കൈ ആരോഗ്യരംഗത്തിനായിട്ടും ആരോഗ്യമന്ത്രിയുടെ അഭിപ്രായം ആരായാതെ തീരുമാനമെടുത്തത്തിലെ കടുത്ത അതൃപ്തിയും കെ മുരളീധരനുണ്ട്.
സമിതിയുടെ അധ്യക്ഷനെ നിയമിക്കുന്നതിൽ കാലതാമസമുണ്ടായത് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരമായി സമിതിയെ തെരഞ്ഞെടുത്തത്.
എന്നാൽ പ്രവേശനത്തിൽ അപാകത സംഭവിച്ചാലും തന്റെ ആവശ്യം നടക്കണമെന്ന നിലപാടിലാണ് ആരോഗ്യമന്ത്രി. അതേസമയം, ലോകായുക്ത, ഉപലോകായുക്ത പദവികളിലിരിക്കുന്നവർ പിന്നീട് സർക്കാരിനുകീഴിൽ നിയമനം നേടരുതെന്ന ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനം.
നിയമനം വൈകിയതിലും നടത്തിയ നിയമനം ചട്ടവിരുദ്ധമായതിനും എതിരെ പ്രതിഷേധങ്ങളും ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാർ തമ്മിലെ പരസ്യമായ തമ്മിലടി.










0 comments