ശിരോവസ്ത്രത്തർക്കം: രാഷ്ട്രീയവത്കരിക്കാൻ ആസൂത്രിത നീക്കമെന്ന് വിദ്യാഭ്യാസമന്ത്രി

വി ശിവൻകുട്ടി
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവത്കരിക്കാൻ ആസൂത്രിത ശ്രമമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂൾ അധികൃതരും അവരുടെ അഭിഭാഷകയും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിന്റെ ലക്ഷ്യം പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു. സ്കൂൾ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തുനിന്നും ഉണ്ടായ അപക്വമായ പരാമർശങ്ങൾ പ്രശ്നത്തെ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്ന നടപടിയല്ലെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചെത്തിയ ഒരു വിദ്യാർഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിച്ചില്ല എന്നൊരു പരാതി ലഭിക്കുകയുണ്ടായി. ഒരു പരാതി ലഭിച്ചാൽ അതിന്മേൽ അന്വേഷണം നടത്തുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. അദ്ദേഹം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തത്. ഇത് തികച്ചും സ്വാഭാവികവും നിയമപരവുമായ ഒരു നടപടിക്രമം മാത്രമാണ്.
എന്നാൽ, ഈ വിഷയത്തെ അതിന്റെ യഥാർത്ഥ തലത്തിൽ നിന്ന് മാറ്റി, തികച്ചും രാഷ്ട്രീയവൽക്കരിക്കാനുള്ള ഒരു ബോധപൂർവ്വമായ നീക്കമാണ് പിന്നീട് കണ്ടത്. സ്കൂൾ മാനേജ്മെന്റിന്റെ അഭിഭാഷകയോട് മാധ്യമപ്രവർത്തകർ അവരുടെ കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്ക് വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിഭജനം സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും, സർക്കാർ ഒരു കാരണവശാലും അനുവദിക്കില്ല.
സ്കൂളിന്റെ ശാന്തവും സമാധാനപരവുമായ പ്രവർത്തനമാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാർഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണുന്നതിന് പകരം, അതിനെ രാഷ്ട്രീയ വിവാദമാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.










0 comments