ad
Deshabhimani

ടൗൺഷിപ്പിൽ അവസാനഘട്ട പ്രവൃത്തികൾ വിലയിരുത്തി മന്ത്രി ഒ ആർ കേളു

O R Kelu wayanad township.jpg
വെബ് ഡെസ്ക്

Published on Feb 26, 2026, 02:02 PM | 1 min read

കൽപ്പറ്റ: മുണ്ടക്കൈ- ട‍ൗൺഷിപ് ഒന്നാംഘട്ട ഉദ്‌ഘാടനത്തിന്‌ മുന്നോടിയായുള്ള പ്രവൃത്തികൾ വിലയിരുത്തി മന്ത്രി ഒ ആർ കേളു. ബുധൻ വൈകിട്ടാണ് മന്ത്രി ടൗൺഷിപ്പിൽ എത്തിയത്. ഉദ്യോഗസ്ഥരിൽനിന്നും ഉ‍ൗരാളുങ്കൽ അധികൃതരിൽനിന്നും നിർമാണ പുരോഗതി ചോദിച്ചറിയുകയും നിർദേശങ്ങൾ നൽകുകയും ചെയ്‌തു. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. റോഡ്‌ ടാറിങ്, വീടുകളോട് ചേർന്നുള്ള ഗ്രീൻ സ്‌പേസ് നിർമാണം എന്നിവയെല്ലാം വിലയിരുത്തി. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ ടൗൺഷിപ് വന്നു കാണണമെന്ന്‌ മന്ത്രി പറഞ്ഞു. ടൗൺഷിപ് സ്‌പെഷൽ ഓഫീസർ ജെ ഒ അരുണും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

നടുമുറ്റം ഹരിതാഭമാക്കി ‘ഗ്രീൻ സ്പെയ്സ്'


പൂച്ചെടികളും പൂക്കളും കായ്ഫലമുള്ള കുഞ്ഞൻ മരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യവുമായി ടൗൺഷിപ്പിൽ ‘ഗ്രീൻ സ്പെയ്സ്'– നടുമുറ്റം ഒരുങ്ങി. പാർക്കുകളിലും അത്യാഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും കാണുന്നതിന്‌ സമാനമായ ലാൻഡ്‌ സ്‌കേപ്പാണ്‌. വീടുകളുടെ മുറ്റം പച്ചപ്പണിയുകയാണ്‌.


‘കമ്യൂണിറ്റി ലിവിങ്' എന്ന ആശയത്തിലൂന്നിയാണ് ഗ്രീൻ സ്പെയ്സ്. താമസക്കാർക്ക് പച്ചപ്പുൽ പരവതാനിക്കുള്ളിൽ സ്ഥാപിച്ച ഇന്റർലോക്കിലൂടെ നടന്ന് പ്രഭാതങ്ങളും സായാഹ്നങ്ങളുമടക്കം സമയം ചെലവഴിക്കാം. കുട്ടികൾക്ക് കളിക്കാനുമായാണ്‌ ഗ്രീൻ സ്പെയ്സ്. പൂച്ചെടികളും ഫലവൃക്ഷങ്ങളും ഉൾപ്പെടുന്നതായിരിക്കും നടുമുറ്റം. ടൗൺഷിപ്പിലെ 35 ക്ലസ്റ്ററുകളിലും ഇതുണ്ടാകും. എട്ട്‌ മുതൽ 20 വീടുകൾ വരെയാണ് ഒരു ക്ലസ്റ്ററിൽ. എല്ലാ വീടുകളുടെയും മുൻവശം അഞ്ചരമീറ്റർ വീതിയുള്ള റോഡിലേക്കാണ്. വാതിൽ തുറന്നാൽ നടുമുറ്റത്തിന്റെ മനോഹര കാഴ്ചയാകും. എല്ലാ വീടുകളിൽ ഉള്ളവർക്കും ഒരുപോലെ ഭംഗി ആസ്വദിക്കാം. പ്രകൃതി സൗഹാർദ ടൗൺഷിപ്പാണ്‌.


ആദ്യഘട്ട ഉദ്‌ഘാടനത്തിൽ കൈമാറുന്ന വീടുകളുടെ അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്‌. 178 വീടാണ്‌ നൽകുന്നത്‌. കൽപ്പറ്റ ബൈപാസിൽനിന്ന് ടൗൺഷിപ്പിലെ വിവിധ സോണുകളിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളുടെയെല്ലാം ടാറിങ്ങും അവസാനഘട്ടത്തിലാണ്. സിമന്റ്‌ ട്രീറ്റഡ് ബേസ് സാങ്കേതികവിദ്യയിൽ അത്യാധുനിക നിലവാരത്തിലാണ് നിർമാണം. വീടുകളിൽ സോളാർ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. കുടിവെള്ള ടാങ്കുകളും വീടുകളുടെ മുകളിൽ ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുന്നുണ്ട്. കുടിവെള്ള വിതരണ സംവിധാനത്തിന്റെയും മലിനജല സംസ്കരണത്തിനുള്ള സ്വീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റുകളുടെയും പ്രവൃത്തി പുരോഗമിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home