ad
Deshabhimani

'എഥനോൾ പ്ലാന്റിൽ പ്രതിപക്ഷം പോലും അഴിമതി ആരോപിച്ചിട്ടില്ല'; വിധിപ്പകർപ്പ് പങ്കുവച്ച് മന്ത്രി എംബി രാജേഷ്

MB Rajesh.jpg
വെബ് ഡെസ്ക്

Published on Dec 19, 2025, 05:48 PM | 2 min read

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ എഥനോൾ പ്ലാന്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയിൽ പ്രതിപക്ഷം പോലും അഴിമതി ആരോപിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. വിധിപ്പകർപ്പ് പങ്കുവച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വിധിയിലെ സാങ്കേതികത വ്യക്തമാക്കി മന്ത്രി എഴുതിയിരിക്കുന്നത്.


സർക്കാർ നിയമപരമായി അനുമതി നൽകിയത് വാട്ടർ അതോറിട്ടി വെള്ളം കൊടുക്കാമെന്ന് രേഖാമൂലം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് അനുമതി നൽകിയ നടപടി സർക്കാർ നടപടി ശരിയാണ്.എന്നാൽ സർക്കാർ അനുമതി നൽകിയ ശേഷം വാട്ടർ അതോറിട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആദ്യത്തെ ഉറപ്പിൽ നിന്ന് പിന്നാക്കം പോയി എന്നതാണ് പ്രാഥമിക അനുമതി റദ്ദാക്കാനുള്ള കാരണമെന്നും പോസ്റ്റിൽ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


എഥനോൾ പ്ലാൻ്റിന് പ്രാഥമിക അനുമതി നൽകിയ വിഷയത്തിൽ ഇന്നത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഇവിടെ പങ്കുവെക്കുന്നു. വിധി പങ്കുവെച്ചുകൊണ്ട് നുണ പ്രചരിപ്പിച്ചവർക്കുള്ള മറുപടി നൽകുന്നതാണല്ലോ നല്ലത്.


എന്താണ് ഹൈക്കോടതി വിധിയിൽ പറയുന്നത്? സർക്കാർ നടപടി നിയമാനുസൃതമാണ്. അബ്‌കാരി നിയമത്തിന്റെ സെക്ഷൻ 14 പ്രകാരമുള്ള പ്രാഥമികാനുമതി മാത്രമാണ് നൽകിയത്(ഖണ്ഡിക 10, പേജ് 6) കമ്പനി അപേക്ഷ കൊടുത്തത് എക്സൈസ് കമീഷണർക്കാണ്. കമീഷണർ പ്രാഥമികാനുമതി നൽകാനുള്ള ശുപാർശയോടെ സർക്കാരിന് സമർപ്പിച്ചു. നിയമപ്രകാരം സർക്കാർ പ്രാഥമികാനുമതി നൽകി(പേജ് 2, ഖണ്ഡിക 2,8 ). "ഇതു സംബന്ധിച്ച സർക്കാർ ഫയൽ മുഴുവൻ ഞങ്ങൾ പരിശോധിച്ചു"(പേജ് 2)എന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.


പിന്നെന്തുകൊണ്ട് റദ്ദാക്കി? സർക്കാർ നിയമപരമായി അനുമതി നൽകിയത് വാട്ടർ അതോറിട്ടി വെള്ളം കൊടുക്കാമെന്ന് രേഖാമൂലം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് അനുമതി നൽകിയ നടപടി സർക്കാർ നടപടി ശരിയാണ്.എന്നാൽ സർക്കാർ അനുമതി നൽകിയ ശേഷം വാട്ടർ അതോറിട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആദ്യത്തെ ഉറപ്പിൽ നിന്ന് പിന്നാക്കം പോയി.


മറ്റൊരു കാര്യം, വ്യവസായമേഖലയോട് ചേർന്നുകിടക്കുന്നതല്ല, അഞ്ച് കിലോമീറ്റർ മാറിയാണ് നിർദിഷ്ട പ്ലാന്റിനുള്ള സ്ഥലം. ഈ രണ്ട് കാരണങ്ങളാൽ പ്രാഥമിക അനുമതി റദ്ദാക്കുന്നു. "എന്നാൽ ആവശ്യമായ രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വീണ്ടും അപേക്ഷ ലഭിച്ചാൽ പരിഗണിക്കാൻ സർക്കാരിന് തടസ്സമില്ല"(പേജ് 13, ഖണ്ഡിക 23 ).


ഇതിൽ എവിടെയെങ്കിലും സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് പറഞ്ഞോ? ഇല്ല. നിയമപരമാണെന്നും പറഞ്ഞു. അഴിമതിയുണ്ടെന്ന് പറഞ്ഞോ? ഇല്ലേയില്ല. അഴിമതി ഉണ്ടെങ്കിൽ വീണ്ടും അപേക്ഷ കിട്ടിയാൽ പരിഗണിക്കാമെന്നല്ലല്ലോ പറയുക; അന്വേഷിക്കാനല്ലേ? പോട്ടെ, അഴിമതിയുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നോ?


അതുമില്ല. അതും പോട്ടെ ,പ്രതിപക്ഷം ഇതുവരെ ഏതെങ്കിലും നിയമസഭാ സമ്മേളനത്തിൽ അഴിമതി ആരോപണം സ്പീക്കർക്ക് എഴുതിക്കൊടുത്ത ശേഷം ഉന്നയിച്ചിരുന്നോ? ഇല്ല. ഇന്ന് വിധിക്കു ശേഷമുള്ള പ്രതികരണത്തിൽ കെ പി സി സി പ്രസിഡന്റും അഴിമതി ആരോപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.


പക്ഷെ പതിവുപോലെ ഒരാൾ FBയിൽ ചാടിവീണിട്ടുണ്ട്. തൃത്താലയിലെ യു ഡി എഫ് സ്ഥാനാർഥിമോഹിയാണ് ടിയാൻ.വിധി എന്താണെന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല. ചെളിവാരിയെറിയാനുള്ള ഒരവസരവും പാഴാക്കരുതെന്ന വ്യഗ്രത മാത്രമേയുള്ളൂ.

അഞ്ച് വർഷം മുമ്പ് ഇതേയാൾ വാളയാറിൽ പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിന്റെ പേരിലാണ് എന്നെ നീചമായി വേട്ടയാടിയത്.


അന്ന് ഇദ്ദേഹം തൃത്താലയിൽ മുഴുവൻ എഴുന്നള്ളിച്ചു നടന്നയാൾ ആ കുട്ടികളുടെ മരണത്തിന്റെ പേരിൽ ഇന്ന് പ്രതിക്കൂട്ടിലാണ്. ഇതാണ് അദ്ദേഹത്തിന്റെ വ്യക്തിഹത്യാ രീതി. ഒരു നേരും നെറിയുമില്ലാത്ത ഈ വ്യക്തിഹത്യക്ക് ഞാൻ മാത്രമല്ല ഇരയായിട്ടുള്ളത്. മഹാനായ എ കെ ജി മുതൽ കെ ആർ മീരയും ബെന്യാമിനും വരെ എത്രയെത്ര പേർ !


വിയോജിപ്പുള്ളവരെ എന്തും പറഞ്ഞ് അവഹേളിക്കുക എന്നത് അദ്ദേഹത്തിൻ്റെ അടിസ്ഥാന പ്രകൃതമാണ്.അതു കൊണ്ടാണല്ലോ വാളയാറിലെ യഥാർത്ഥ പ്രതിയെ എഴുന്നള്ളിച്ചതിൻ്റെ അനുഭവത്തിൽ നിന്നും ഇപ്പോഴും ഒരു പാഠവും പഠിക്കാത്തത്. ബൽറാം വ്യക്തിഹത്യാ രീതി തുടരട്ടെ.


വാൽക്കഷണം:വാളയാർ കേസിൽ എനിക്കെതിരെ ഉന്നയിച്ച ദുരാരോപണം പൊളിഞ്ഞെങ്കിലും നിയമയുദ്ധം ഉപേക്ഷിച്ചിട്ടില്ല .ഉന്നയിച്ചയാൾക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഞാൻ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home