ശ്രീനന്ദയുടെ വീട്ടുകാരെ ആശ്വസിപ്പിച്ച് മന്ത്രി എം ബി രാജേഷ്

മന്ത്രി എം ബി രാജേഷ് ശ്രീനന്ദയുടെ കടമ്പഴിപ്പുറത്തെ വീട്ടിലെത്തിയപ്പോൾ
പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരിൽ വിനോദ സഞ്ചാര യാത്രപോയി കൊക്കയിലേക്ക് വീണ് മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടെ കടമ്പഴിപ്പുറത്തെ വീട്ടിലെത്തി എം ബി രാജേഷ് അച്ഛനമ്മമാരെ ആശ്വസിപ്പിച്ചു. ഒരു നാടിന്റെയാകെ അഭിമാനവും വീടിന്റെ വലിയ പ്രതീക്ഷയുമായിരുന്നു ശ്രീനന്ദയെന്ന് മന്ത്രി പറഞ്ഞു.
കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്ന ശ്രീനന്ദ പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് പുലർത്തി. ശ്രീനന്ദയുടെ മരണം വളരെ ദുഃഖകരവും ധാരാളം ചോദ്യങ്ങൾ ഉയർത്തുന്നതുമാണ്. കുട്ടിയെ കാണാതായി എന്ന വിവരം കിട്ടിയപ്പോൾ തന്നെ സംസ്ഥാന സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെടുകയും അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അപകടം എങ്ങനെയുണ്ടായി എന്നത് ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കേണ്ടത് കർണാടക പോലീസ് ആണ്. മരണത്തിലുള്ള സംശയങ്ങൾ നീക്കേണ്ടത് ആവശ്യമാണ്. ശ്രീനന്ദയുടെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവനും ഒപ്പമുണ്ടായിരുന്നു.










0 comments