ad
Deshabhimani

വയനാട് മുണ്ടക്കൈ-ചൂരൽമല ആദ്യഘട്ട വീടുകൾ

ഇത് നിർമാണ പ്രവർത്തനങ്ങളുടെ ചരിത്രത്തിലെ അത്ഭുതകരമായ അടയാളപ്പെടുത്തൽ: കെ രാജൻ

k rajan

മന്ത്രി കെ രാജൻ കൽപ്പറ്റയിൽ സർക്കാർ നിർമ്മിക്കുന്ന ടൗൺ ഷിപ്പിലെ വീടുകൾ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jan 19, 2026, 04:27 PM | 2 min read

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്നും നടപടി ക്രമങ്ങൾ വളരെ വേഗതയിലാണ് പുരോഗമിക്കുന്നതെന്നും മന്ത്രി കെ രാജൻ. കൽപ്പറ്റയിൽ സർക്കാർ നിർമ്മിക്കുന്ന ടൗൺ ഷിപ്പിലെ വീടുകളുടെ അവസാനഘട്ട പരിശോധനയ്ക്ക് എത്തിയതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉദ്ഘാടന ചടങ്ങിനുള്ള വേദി ഒരുക്കുന്നയിടം വരെ കണ്ടെത്തിക്കഴിഞ്ഞു. നിർമാണപ്രവർത്തനങ്ങളുടെ ചരിത്രത്തിൽ അത്ഭുതകരമായ അടയാളപ്പെടുത്തലാണ് നടന്നത്. കൃത്യമായ സംഘാടനമാണ് കരുത്തായത്. സാഹചര്യത്തിന് അനുസരിച്ച് പ്ലാനുകൾ മാറ്റി മാറ്റിയാണ് പല ഘട്ടങ്ങളെയും അതിജീവിച്ചത്. 1700 തൊഴിലാളികൾ നിലവിൽ പ്രവർത്തിക്കുന്നു, കൂടുതൽ സ്‌കിൽഡ് ലേബേഴ്‌സിനെ ഉടൻ ഉൾപ്പെടുത്തും - മന്ത്രി പറഞ്ഞു.


ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ദുരന്തം നേരിട്ട ജനതയെ ചേർത്തുപിടിച്ച് അവർക്ക് ഏറ്റവും നല്ലനിലയിൽ വാസസ്ഥലങ്ങൾ ഒരുക്കാൻ കഴിയുന്നതിൻറെ ചാരിതാർഥ്യമുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ 35 ക്ലസ്റ്ററുകളിലായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികൾക്ക് കളിക്കുന്നതിനും മുതിർന്നവർക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.


11.4 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റർ കുടിവെള്ള ടാങ്ക്, ഫുട്ബാൾ ഗ്രൗണ്ട്, മാർക്കറ്റ്, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയൽ, ഓരോ വീട്ടിലും സൗരോർജ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങൾ ടൗൺ ഷിപ്പിലുണ്ടാകും.


20 വർഷത്തോളം വാറൻറിയുള്ള, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിർമാണത്തിനുപയോഗിക്കുന്നത്. സിമൻറ്, മണൽ, മെറ്റൽ, കമ്പി മുതലായവ നിർമാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവൻ നിർമാണങ്ങൾക്കും 5 വർഷത്തേയ്ക്ക് കേടുപാടുകളിൽ നിന്നും കരാറുകാർ സംരക്ഷണം നൽകാനുമാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home