print edition കാർഷിക, അനുബന്ധ മേഖല ; കുറഞ്ഞ കൂലിയിൽ ഇരട്ടി വർധന


ബിജോ ടോമി
Published on Dec 23, 2025, 03:30 AM | 1 min read
തിരുവനന്തപുരം
സംസ്ഥാനത്തെ കാർഷിക, അനുബന്ധ മേഖലകളിലെ മിനിമം വേതനം ഇരട്ടിയോളം വർധനയോടെ പുതുക്കി നിശ്‌ചയിച്ചു. കാർഷിക പ്രവൃത്തികളിലേർപ്പെടുകയോ ഡയറി ഫാം, നഴ്‌സറി, കശുമാവ് തോട്ടം എന്നിവടങ്ങളിൽ ജോലിയെടുക്കുകയോ ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലിയാണ് തൊഴിൽവകുപ്പ് പുതുക്കി നിശ്‌ചയിച്ചത്. കിളയ്‌ക്കൽ, ചുമടെടുക്കൽ, ബണ്ട്‌പണി, വരമ്പ്‌വെട്ട്, കയ്യാലകെട്ട്, മഴക്കുഴി എടുക്കൽ, കൃഷിക്കായി കുളം കുഴിക്കൽ, മരത്തിൽ കയറി ചില്ല വെട്ടൽ തുടങ്ങിയ കാഠിന്യമേറിയ ജോലിക്ക് എട്ട് മണിക്കൂറിന് 830 രൂപയാണ് കുറഞ്ഞ വേതനം. കാഠിന്യം കുറഞ്ഞ ജോലിക്ക് കുറഞ്ഞത് 710 രൂപ കൂലി നൽകണം. എട്ട് മണിക്കൂറിൽ കുറഞ്ഞ ജോലിസമയം നിലവിലുള്ള പ്രദേശങ്ങളിലും ഇതേ നിരക്ക് ബാധകമാണ്.
ജോലിയുടെ സമയം, അളവ്, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ കൂലി നൽകുന്ന കൊയ്‌ത്ത്, മെതി, ഉഴവ്, വളമിടൽ, മരുന്നുതളി എന്നിവയ്‌ക്ക് പ്രാദേശികമായി നിലവിലുള്ള കൂലിയും മറ്റ് ആനുകൂല്യങ്ങളും തുടർന്നും നൽകണം. ഡയറിഫാമുകളിലെ വിവിധ തസ്‌തികയിലുള്ളവരുടെ മാസശമ്പളവും പുതുക്കി നിശ്‌ചയിച്ചു. ഡയറി ഫാം, കശുമാവ്‌തോട്ടം, നഴ്‌സറി എന്നിവിടങ്ങളിൽ സമയ നിരക്കിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്ഷാമബത്തക്ക് അർഹതയുണ്ട്. നിലവിൽ നിശ്‌ചയിച്ച വേതനത്തേക്കാൾ ഉയർന്ന വേതനം നൽകുന്ന പ്രദശങ്ങളിൽ തുടർന്നും ആ തുക നൽകണം. 2017ലാണ് ഇതിന് മുമ്പ് കാർഷിക, അനുബന്ധ മേഖലകളിലെ മിനിമം വേതനം പുതുക്കിയത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം ഉള്ള സംസ്ഥാനമാണ് കേരളം.











0 comments